പത്തനംതിട്ട: സിനിമ നഷ്ടപ്പെടുത്തി മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതിരുന്ന നടനായിരുന്നു ക്യാപ്റ്റന്‍ രാജു. ഒരിക്കല്‍ കേരള രാഷ്ട്രീയത്തിലേയ്ക്ക് ക്യാപ്റ്റന്‍ രാജുവിനെ കെ കരുണാകരന്‍ ക്ഷണിച്ചതാണ്. പക്ഷേ സിനിമയോടുള്ള ഇഷ്ടം കൊണ്ട് ക്ഷണം നിരസിച്ചു.
കരുണാകരന്റെ കുടുംബവുമായി വളരെയേറെ ആത്മബന്ധം ക്യാപറ്റന്‍ രാജു പുലര്‍ത്തിയിരുന്നു. ജന്മസ്ഥലമായ പത്തനംതിട്ടയില്‍ ക്യാപ്റ്റന്‍ രാജു മത്സരിക്കണമെന്ന് ലീഡര്‍ ഒരുപാട് തവണ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. അതിന് വ്യക്തമായ കാരണവും ക്യാപ്റ്റന്‍ രാജുവിന് ഉണ്ടായിരുന്നു.
“പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ളയാളാകണം ഒരു രാഷ്ട്രീയക്കാരന്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ട് സിനിമാക്കാരനെന്ന് പറഞ്ഞ് കറങ്ങി നടന്നാല്‍ പോരാ, ജനങ്ങള്‍ക്കിയടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയണം. അങ്ങനെ വരുമ്പോള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സിനിമ ഉപേക്ഷിക്കേണ്ടി വരും. അവിടെ നഷ്പ്പെടുക ഒരുപക്ഷേ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോടുള്ള ആത്മാര്‍ത്ഥത തന്നെയാകും” – ഒരു അഭിമുഖത്തില്‍ ക്യാപ്റ്റന്‍ രാജു പറഞ്ഞ വാക്കുകളാണിത്.
കൊച്ചിയിലെ വസതിയില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു നടന്റെ അന്ത്യം. ആരോഗ്യ പ്രശ്നങ്ങളാല്‍ കുറെ നാളായി ചികിത്സയിലായിരുന്നു. 1981 ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ എന്ന സ്ഥലത്തായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ ജനനം.