കള്ളപ്പണത്തിന്റെ കണക്ക് നൽകാനാവില്ല: പ്രധാനമന്ത്രിയുടെ ഓഫീസ്
national news
കള്ളപ്പണത്തിന്റെ കണക്ക് നൽകാനാവില്ല: പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2018, 8:35 am

ന്യൂദൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ വിശദാംശങ്ങൾ നൽകാൻ തയാറല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പതിനഞ്ച് ദിവസത്തിനുള്ളിൽ കള്ളപ്പണത്തിന്റെ എല്ലാ വിവരങ്ങളും നൽകണമെന്ന്‌ കേന്ദ്ര വിവരാവകാശ കമ്മിഷൻ മുൻപ് നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഇത് തള്ളിയാണ് പി.എം.ഒ. നിലപാട് ആവർത്തിച്ചത്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകൾ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥയുദ്ധരിച്ചാണ് നടപടി.

Also Read മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തി നിർത്താതെ ഓടിച്ച് പോയി; യുവതി അറസ്റ്റിൽ

വിവരാവകാശപ്രവർത്തകനും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുർവേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങൾ തിരക്കിയത്. 2014 ജൂൺ ഒന്നുമുതൽ ഇതുവരെ സർക്കാർ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകളും വിവരങ്ങളും ലഭ്യമാക്കണമെന്നായിരുന്നു സഞ്ജീവ് ആവശ്യപ്പെട്ടിരുന്നത്.

വിവരാവകാശ നിയമത്തിന്റെ പരിധിയിലല്ല അപേക്ഷ വരുന്നത് എന്ന് കാണിച്ചാണ് ആദ്യം സഞ്ജീവിനെ പി.എം.ഒ പിന്തിരിപ്പിച്ചത്. തുടർന്നാണ്, ചതുർവേദി കേന്ദ്രവിവരാവകാശ കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചത്.

Also Read ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസ്; കെ. സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

കള്ളപ്പണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 15 ദിവസങ്ങൾക്കുള്ളിൽ സഞ്ജീവിന് നൽകണമെന്നാണ് ഒക്ടോബർ 16ന് മുഖ്യ വിവരാവകാശ കമ്മിഷണർ നിർദ്ദേശിച്ചത്. കള്ളപ്പണത്തെക്കുറിച്ച് പ്രത്യേകാന്വേഷണസംഘം അന്വേഷണം ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തിൽ വിവരം തരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പി.എം.ഒ. ചതുർവേദിക്ക് മറുപടി നൽകി.

കേന്ദ്രമന്ത്രിമാർക്കെതിരേയുള്ള അഴിമതിയാരോപണം സംബന്ധിച്ച പരാതികളുടെ വിശദാംശങ്ങൾ തേടി ചതുർവേദി കത്ത് നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷയും പി.എം.ഒ. തള്ളുകയായിരുന്നു.