പേരിന് സിമന്റും മെറ്റലും വാരിയിട്ട് കാന നിര്‍മാണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്
Kerala News
പേരിന് സിമന്റും മെറ്റലും വാരിയിട്ട് കാന നിര്‍മാണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd October 2021, 9:41 pm

കൊച്ചി: ഫോര്‍ട്ടുകൊച്ചിലെ മാന്ത്രയില്‍ പ്രധാന റോഡിലെ കാന നിര്‍മാണത്തില്‍ കൃത്രിമം കാണിച്ച വിഷയത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നടപടിയുമായി പൊതുമരാമത്ത് വകുപ്പ്.

ഓവര്‍സിയര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്.

പഴയ കാനയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് നാമമാത്ര സിമന്റും മെറ്റലും വാരിയിട്ടാണ് കാനയുടെ അടിഭാഗം പണിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളത്തില്‍ കിടക്കുന്ന സിമന്റില്‍ പണിക്കാരന്‍ കൈപ്പാണി വെച്ച് തേയ്ക്കുന്നുതും പ്രചരിച്ച വീഡിയോ ദൃശ്യത്തിലുണ്ടായിരുന്നു. പിറ്റേന്നുതന്നെ കാനയുടെ പുറത്ത് സ്ലാബുകളും സ്ഥാപിക്കുകയായിരുന്നു.

അതേസമയം, റോഡ് നിര്‍മാണത്തില്‍ അലംഭാവം കാണിച്ച കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കാസര്‍കോട് എം.ഡി. കണ്‍സ്ട്രക്ഷനെതിരെയായിരുന്നു നടപടി.

നിയമസഭയില്‍ കരാറുകാരെ കൂട്ടിവരുന്ന എം.എല്‍.എമാരെയും മന്ത്രി വിമര്‍ശിച്ചിരുന്നു. അഴിമതി കരാര്‍ രംഗത്ത് വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും മന്ത്രി നല്‍കിയിരുന്നു.

റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS: Cana construction with cement and metal to name; Public Works Department takes action against officials