അയോധ്യ കേസിലെ സുപ്രീംകോടതി വിധി രാജ്യത്താകമാനമുള്ള നിയമ നിയമവിദഗ്ധരോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതില്‍ പ്രാധാനപ്പെട്ടത്, തര്‍ക്ക വിഷയമായി നിലനില്‍ക്കുന്ന ഒരു സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ സൗകര്യമൊരുക്കാനും അതിനു വേണ്ടി പദ്ധതിയുണ്ടാക്കാനും ട്രസ്റ്റ് രൂപീകരിക്കാനും കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിക്കുന്നത്, രാജ്യത്തെ മതേതര സ്വഭാവത്തെ ലംഘിക്കുമോ എന്നതാണ്.
ഹിന്ദു വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമായ ക്ഷേത്രം നിര്‍മിക്കാന്‍ ഒരു മതേതര ഭരണകൂടത്തിനു ഉത്തരവിറക്കാന്‍ സാധ്യമാകുമോ? അങ്ങനെ ഉത്തരവിറക്കുന്നത് മതേതര ഭരണകൂടം ഒരു മതത്തെ വളര്‍ത്തുന്നതിനു തുല്യമാവില്ലേ? തുടങ്ങിയ സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജ് ആയിരുന്ന ജസ്റ്റിസ് കെ. ചന്ദ്രു എസ്.ആര്‍ ബൊമ്മൈ കേസിലെ വിധിയെ നിരീക്ഷിച്ചത് ഇങ്ങനെയായിരുന്നു;
‘രാഷ്ട്രം മതത്തെ ഉപേക്ഷിക്കണമെന്ന് ബൊമ്മി കേസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മതേതര ഭരണകൂടത്തിന്റെ അടിത്തറ ജനാധിപത്യമാവണമെന്ന് ബൊമ്മൈ കേസിലെ വിധിയില്‍ പറയുന്നുണ്ട്. രാജ്യം പ്രത്യേക മതത്തിന് അനുകൂലമോ, വിരുദ്ധമോ ആവരുത്. മതത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മതത്തിന്റെ കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കുകയും എല്ലാ മതങ്ങള്‍ക്കും തുല്യ സംരക്ഷണം നല്‍കുകയും ചെയ്യണം.’
കേന്ദ്രം ഉത്തരവാദിത്തമെടുക്കുന്ന കേസുകളില്‍ ഭരണഘടനാപരമായ മതേതരത്തത്തിന്റെ ലംഘനം ഉണ്ടാവരുത് എന്ന് പ്രമുഖ നിയമവിദഗ്ധന്‍ ഉപേന്ദ്ര ബക്ഷി നിരീക്ഷിക്കുന്നു.
‘1993 ലെ അയോധ്യ ആക്റ്റില്‍ സെക്ഷന്‍ (6) പ്രകാരം പറയുന്നത് തര്‍ക്കഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രത്തിനു അധികാരമുണ്ടെന്നാണ്. സെക്ഷന്‍ (7) പ്രകാരം തര്‍ക്ക ഭൂമി പരിപാലിക്കാന്‍ സര്‍ക്കാറിനെയോ ട്രസ്റ്റിനേയോ അല്ലെങ്കില്‍ വ്യക്തിയേയോ അല്ലെങ്കില്‍ അധികൃതരേയോ ചുമതലപ്പെടുത്തണം എന്നും പറയുന്നുണ്ട്. അയോധ്യ കേസിലെ വിധി പ്രസ്താവിച്ചതിലൂടെ ഇതു ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തത്.’, ബക്ഷി പറയുന്നു.
‘സുപ്രീംകോടതിയില്‍ ആലേഖനം ചെയ്തിരിക്കുന്ന യഥോ ധര്‍മ തതോ ജയ (എവിടെയാണോ ധര്‍മമുള്ളത് അവിടെ വിജയമുണ്ട്) ഭഗവത് ഗീതയില്‍ നിന്നും കടമെടുത്തതാണ്. ഇതുതന്നെ സൂചിപ്പിക്കുന്നു സുപ്രീംകോടതി ഒരു മത സ്ഥാപനമാണെന്ന്.’, നാഷണല്‍ ലോ സ്‌കൂള്‍ ഇന്ത്യ യൂണിവേഴ്സിറ്റി (എന്‍.എല്‍.എസ്.ഐ.യു) ബെംഗളൂരു മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ഭരണഘടനാ വിദഗ്ധനുമായ ആര്‍. വെങ്കട റാവു പറയുന്നു.
അയോധ്യ ആക്റ്റ് താല്‍ക്കാലിക അളവുകോല്‍ മാത്രമാണെന്നും അതുകൊണ്ട് തന്നെ ഭൂമിയുടെ അവകാശവും കൈവശവും സംബന്ധിച്ച കേസ് ഇപ്പോഴും നിയമ വ്യവഹാരത്തിലിരിക്കെ ഭൂമിയുടെ ഉടമസ്ഥത നിശ്ചയിക്കുകയോ വീതം വെക്കുകയോ ചെയ്യരുതെന്നുമാണ് ജസ്റ്റിസ് ചന്ദ്രുവിന്റെ നിരീക്ഷണം.
‘അയോധ്യ ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചുള്ള അപ്പീലുകളില്‍ കക്ഷിചേരാത്ത കേന്ദ്രത്തെ, ഭൂമിക്കായി ഒരു പദ്ധതി ആവിഷ്‌കരിക്കാന്‍ എന്തുകൊണ്ടാണ് സുപ്രീം കോടതി ഏല്‍പ്പിച്ചത്? സിവില്‍ നടപടിക്രമം സെക്ഷന്‍ 92 (g) പ്രകാരം തര്‍ക്ക ഭൂമിക്കായി ഒരു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ പ്രാദേശിക സിവില്‍ കോടതി മതിയെന്ന് സുപ്രീംകോടതിക്ക് അറിയാമായിരുന്നു.’, ചന്ദ്രു കൂട്ടിച്ചേര്‍ത്തു.