തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റഊഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചാണ് ഇ.ഡി അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നെത്തിയതായിരുന്നു റഊഫ്. റഊഫിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുകയും ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് റഊഫ്.
നേരത്തെ ഇയാള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്‌നൗ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ റൗഫല്‍ വിദേശത്തേക്ക് പോയിരുന്നു.
അതേസമയം റഊഫിന്റെ അറസ്റ്റിനെതിരെ കാംപസ് ഫ്രണ്ട് രംഗത്തെത്തി.
ഇ.ഡിയുടെ അന്യായ പകപോക്കല്‍ നടപടിക്കെതിരേ കാംപസ് ഫ്രണ്ട് ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഇ.ഡി നടപടി അതിരു കടന്നതാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
‘സര്‍ക്കാര്‍ ഏജന്‍സികള്‍ സംഘപരിവാറിന്റെ കൂലിക്കാരായി വേഷം കെട്ടി ഇറങ്ങുന്നത് തടയാന്‍ രാജ്യസ്നേഹികള്‍ക്ക് ബാധ്യതയുണ്ട്. സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി നേതാവാണിദ്ദേഹം. പൗരത്വ നിയമം വീണ്ടും കെട്ടി എഴുന്നള്ളിക്കാനുള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും തടയണം’, ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.
വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പിന്മാറുമെന്നത് ആര്‍.എസ്.എസിന്റെ തോന്നലുകള്‍ മാത്രമാണ്. ജനറല്‍ സെക്രട്ടറിക്കെതിരായ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ദേശീയ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക