കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്’ പരിപാടി ഇന്ത്യയില്‍ റേഡിയോയുടെ നഷ്ടപ്രതാപം തിരികെ കൊണ്ടുവന്നെന്ന് കാലിക്കറ്റ് സര്‍വകലാശാല. സര്‍വകലാശാല ചോദ്യപേപ്പറിലാണ് ഈ പ്രസ്താവന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജേണലിസം ബിരുദത്തിന്റെ നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഭാഗമായ ‘റേഡിയോ പ്രൊഡക്ഷന്‍’ എന്ന പേപ്പറിലാണ് മന്‍ കി ബാത് പരിപാടി ‘വീണ്ടെടുത്ത’ റേഡിയോയുടെ പ്രതാപത്തെക്കുറിച്ച് ഉപന്യാസമെഴുതാന്‍ പറഞ്ഞിരിക്കുന്നത്. ചോദ്യപ്പേപ്പറിലെ 27ാമത്തെ ചോദ്യമായാണ് സെക്ഷന്‍ സിയില്‍ 10 മാര്‍ക്കിന്റെ ഈ ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചോദ്യം ചോദിക്കുന്നതിന് പകരം, ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ലാതെ പ്രസ്താവന നടത്തിയ ശേഷം ഇതിനെ വിപുലീകരിച്ച് എഴുതാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലും റേഡിയോ പ്രൊഡക്ഷന്‍ പേപ്പറില്‍ മന്‍ കി ബാതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ പരിപാടിയെ ‘റേഡിയോയുടെ പ്രതാപം വീണ്ടെടുത്തു’ എന്ന് പ്രശംസിക്കുന്ന ഒരു ചോദ്യം ആദ്യമായാണ് വരുന്നത്.
ജനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കേള്‍ക്കാതെ, ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കാതെ ‘വണ്‍ വേ കമ്യൂണിക്കേഷന്‍’ പ്രസംഗമാണ് പ്രധാനമന്ത്രി നത്തുന്നതെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളറിയാന്‍ ഈ പരിപാടിയിലൂടെ സാധിക്കില്ലെന്നും നേരത്തെ തന്നെ മന്‍ കി ബാതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതിനിടെയാണ് പരിപാടിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ചോദ്യപ്പേപ്പര്‍ ചര്‍ച്ചയായിരിക്കുന്നത്.
Content Highlight: Calicut University question paper comments that Narendra Modi’s Mann Ki Baat program revived the glory of radio in India