തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് രീതികള്‍ പരിഷ്‌കരിക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ യൂണവേഴ്‌സിറ്റി ഉപരോധിച്ചു. കെ.എസ്.യു, ഫ്രറ്റേര്‍ണിറ്റി, എം.എസ്.എഫ് തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്വാശ്രയ കോളെജിലെ യു.യു.സിമാര്‍ക്ക് പ്രാതിനിധ്യ വോട്ട് നടപ്പാക്കിയ തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധങ്ങള്‍ മറികടന്ന് മൂന്നംഗ ഉപസമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു.
പുതുക്കിയ തീരുമാനമനുസരിച്ച് റവന്യു ജില്ലാ തലത്തില്‍ പുതുതായി സോണല്‍ കൗണ്‍സിലുകളും യൂണിവേഴ്‌സിറ്റി തലത്തില്‍ എക്‌സിക്യൂട്ടിവ് കൗണ്‍സിലും രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കര്‍ വഴി സോണല്‍ കൗണ്‍സിലുകള്‍ക്ക് സ്വതന്ത്ര പ്രവര്‍ത്തനം നടത്താം.
യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളാവുന്നവര്‍ക്ക് മാത്രമാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക.
എന്നാല്‍ ഗവണ്‍മെന്റ്-എയ്ഡഡ് കോളെജുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍, ഓഫ് ക്യാംപസ് വിഭാഗത്തിലെ യു.യു.സിമാര്‍ എന്നിവര്‍ നേരിട്ട് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നേരിട്ട് അംഗങ്ങളാവാം. എന്നാല്‍ സ്വാശ്രയ കോളെജുകളിലെ യു.യു.സിമാര്‍ക്ക് മൂന്നംഗ സംഘങ്ങളായി നോമിനേഷന്‍ നല്‍കിയാല്‍ മാത്രമേ യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുള്ളു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചത്.
വിദ്യാര്‍ത്ഥി വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘ഇത്തവണത്തെ യൂണിവേഴ്‌സിറ്റി യൂണിയന്റെ പരാജയം മുന്നില്‍ കണ്ട് എസ്.എഫ്.ഐയും ഇടതുപക്ഷ സിന്‍ഡിക്കേറ്റും നിലവിലുള്ള രീതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അതിനവര്‍ പല മുടന്തന്‍ ന്യായങ്ങളും പറയുന്നുണ്ട്.
സ്വാശ്രയ കോളെജുകളില്‍ കെ.എസ്.യു- എം.എസ്.എഫ് സംഘടനകള്‍ക്ക് ധാരാളം യു.യു.സിമാരുള്ള ഇടങ്ങളുണ്ട്. ആ കൗണ്‍സിലര്‍മാരുടെ വോട്ട് ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഈ പറയുന്ന രീതിയിലുള്ള ഒരു നടപടിയിലേക്ക് നീങ്ങുന്നത്.
എം.ജി സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്നു. അവിടെയൊന്നും പ്രശ്‌നമില്ല. എം.ജി സര്‍വകലാശാലയിലും കേരള സര്‍വകലാശാലയിലും മറ്റൊരു സര്‍വകലാശാലയിലും നടപ്പാക്കാത്ത രീതിയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
അതായത് രണ്ടു തരം രീതി സൃഷ്ടിക്കുകയാണ് ഇതുവഴി ഇവര്‍ ചെയ്യുന്നത്.
സ്വാശ്രയ കോളെജായാലും സര്‍ക്കാര്‍ കോളെജ് ആയാലും വിദ്യാര്‍ത്ഥികളെല്ലാം ഒരുപോലെ ആണ്.
മാനദണ്ഡമനുസരിച്ച് സര്‍ക്കാര്‍ കോളെജുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്ത കുട്ടികളാണ് സ്വാശ്രയ കോളെജുകളില്‍ ചേരുന്നത്. അപ്പോള്‍ ആ കുട്ടികളെ വേര്‍തിരിച്ചുകൊണ്ട് അവര്‍ക്ക് വോട്ടു ചെയ്യാന്‍ പറ്റില്ല, അങ്ങനെ ചെയ്യണമെങ്കില്‍ വേറൊരു സ്‌ക്രീനിങ് നടത്തി വേറൊരു കമ്മിറ്റി ഉണ്ടാക്കി വോട്ടു ചെയ്യണമെന്നൊക്കെ പറയുന്നത് അന്യായമാണ്. കുട്ടികളെ വിവേചനത്തോടെ കാണുന്ന നിലപാടാണിത്.
പരാജയ ഭീതി കൊണ്ടുമാത്രം സിന്‍ഡിക്കേറ്റിനെകൊണ്ട് ഇത്തരമൊരു നടപടി എടുപ്പിക്കുകയാണ്. ഇത്തരത്തില്‍ സംഘടന പോകുന്നത് സംഘടനയുടെ അപചയം കൂടിയാണ് എന്നു പറയേണ്ടി വരും.
അതല്ലെങ്കില്‍ പറയണം, സ്വാശ്രയ കോളെജുകള്‍ക്ക് ഞങ്ങള്‍ എതിരാണ് എന്നും ആ കുട്ടികളൊന്നും വിദ്യാര്‍ത്ഥികളല്ല എന്ന് അവര്‍ തുറന്ന് പറയണം’- കെ.എം അഭിജിത് പറഞ്ഞു.
‘സ്വാശ്രയ കോളെജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവിടെ ഒരു കുട്ടി പഠിച്ചാലും പത്തു കുട്ടികള്‍ പഠിച്ചാലും അവരുടെ ശബ്ദം യൂണിവേഴ്‌സിറ്റികളില്‍ മുഴങ്ങിക്കേള്‍ക്കണമെന്നും അഭിജിത് പറഞ്ഞു.
750-800വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യു.യു.സി എന്നാണ് കണക്ക്. അതില്‍ കൂടുതലുള്ള ക്യാംപസുകളില്‍ രണ്ട് യു.യു.സി മാരും ഉണ്ടാവും. ആ രീതിയില്‍ ഒന്നുമുതല്‍ 750 വരെ കുട്ടികള്‍ പഠിക്കുന്ന കോളെജില്‍ ഒരു യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ കൂടിയുണ്ടാവും.
ഇവര്‍ പറയുന്ന മൂന്നംഗ സംഘങ്ങള്‍ എങ്ങനെ തെരഞ്ഞെടുക്കപ്പെടുമെന്നോ അവര്‍ എങ്ങനെ പരിഗണിക്കപ്പെടുമെന്നോ യാതൊരു ധാരണയുമില്ല. കുറെ പുകമറ സൃഷ്ടിച്ചുകൊണ്ട് ആളുകള്‍ക്ക് സംശയമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അഭിജിത് പറഞ്ഞു.
എന്നാല്‍ എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടാവണമെന്നും സ്വാശ്രയകോളെജിന്റെ പേരില്‍ മാറ്റിനിര്‍ത്താനാവില്ലെന്നും ഫ്രറ്റേണിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ യു.യു.സിമാര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കും. അത് സ്വാശ്രയ കോളെജാണെങ്കില്‍ അയാള്‍ക്കും പ്രാധാന്യം ഉണ്ടാവണം. പുതുക്കിയ സ്ഥിതിയനുസരിച്ച് വോട്ടിന്റെ മൊത്തം അനുപാതം മൂന്നിലൊന്നായി കുറയും. ഒരാള്‍ ഒരു വോട്ട് എന്ന നിലയ്ക്ക് ഇത് കുറയും’-ഷംസീര്‍ ഇബ്രാഹിം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സിന്‍ഡിക്കേറ്റിന്റെ നിയമാവലി പുറത്തുവന്നാല്‍ മാത്രമേ എന്തൊക്കെയാണതില്‍ പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമാകുകയുള്ളു എന്നാണ് എസ്. എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സക്കീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
‘നേരത്തെയുണ്ടായിരുന്നത് ജനറല്‍ സീറ്റുകളിലേക്ക് എല്ലാവരും നേരിട്ട് വോട്ടുചെയ്യുന്ന രീതിയാണ്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് ഗവ-എയ്ഡഡ് കോളെജിലെ യു.യു.സിമാര്‍ നേരിട്ട് വോട്ടുചെയ്യുകയും ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സ്വാശ്രയ കോളെജിലെ യു.യു.സിമാര്‍ക്ക് അങ്ങനെ സാധിക്കാതെ വരികയും ചെയ്യുന്നു. അതായത് സ്വാശ്രയ കോളെജിലെ യു.യു.സിമാര്‍ വോട്ടുചെയ്യുന്നത് മൂന്നിലൊന്നായി ചുരുങ്ങും.
യൂണിവേഴ്‌സിറ്റി യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലേക്കും കൃത്യമായി എത്തിക്കുക എന്നതാണ് ഇതിന്റെ ഒരു ലക്ഷ്യം. കാരണം, കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് ധാരാളം കോളെജുകളുണ്ട്. ഇങ്ങനെ വരുമ്പോള്‍ നേരിട്ട് ഇത് സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്.
2012 വരെയുള്ള നിയമമനുസരിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികളുണ്ടാവുമ്പോള്‍ മാത്രമേ ഒരു യുയുസിയെ അനുവദിച്ചിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, ഒരു കുട്ടിപോലും പഠിക്കുന്ന കോളെജില്‍ ഒരു യുയുസി ഉണ്ടാവുന്ന സ്ഥിതി ഉണ്ട് ഇപ്പോള്‍. അതായത് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമുക്കാല്‍ അറബിക്കോളെജുകളിലും വിദ്യാര്‍ത്ഥികളുടെ എണ്ണം നൂറില്‍ കുറവാണ്. പക്ഷെ ഇവരും വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്കും പ്രതിനിധികള്‍ വേണം. അതുകൊണ്ടു തന്നെ നിലവിലെ സ്ഥിതിയനുസരിച്ച് എവിടെയും പ്രതിനിധി ഇല്ലാതാവുന്നില്ല. നിലവിലെ തീരുമാനമനുസരിച്ച് അവര്‍ക്ക് യുയുസിമാരെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാവുകയും എന്നാല്‍ അവര്‍ക്കായിട്ടുള്ള ബോഡി അവിടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതായത് വോട്ടവകാശം നിഷേധിക്കപ്പെടുന്നില്ല. പകരം ഇവരില്‍ നിന്നു വരുന്ന വോട്ട് മൂന്നിലൊന്നായി ചുരുങ്ങും’.