ബാലവേല നിയമത്തില്‍ ഭേദഗതി: 14 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കുടുംബ ബിസിനസില്‍ പങ്കുചേരാം
Daily News
ബാലവേല നിയമത്തില്‍ ഭേദഗതി: 14 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കുടുംബ ബിസിനസില്‍ പങ്കുചേരാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2015, 2:59 pm

childന്യൂദല്‍ഹി: ബാലവേല നിയമത്തില്‍ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കുടുംബ സ്ഥാപനങ്ങളില്‍ അപകട രഹിതമായ മേഖലകളില്‍ ജോലി ചെയ്യാമെന്നാണ് ഭേദഗതി.

എന്നാല്‍ വിദ്യാഭ്യാസത്തിനു തടസമാകുന്ന തരത്തില്‍ ജോലി ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. 18 അപകടകരമായ വ്യവസായങ്ങളില്‍ കുട്ടികളെ 14 വയസിനു താഴെയുള്ള കുട്ടികളെ ജോലി ചെയ്യിക്കുന്നത് നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ബാലവേല നിരോധന നിയമം. ഈ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

14നും 18നും ഇടയിലുള്ള കുട്ടികള്‍ അപകടകരമായ മേഖലയില്‍ ജോലി ചെയ്യുന്നതും ഭേദഗതിയില്‍ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ശിക്ഷ ലഭിക്കും. ആദ്യത്തെ തവണ നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്ക് പിഴയില്ല. വീണ്ടും നിയമം ലംഘിക്കുകയാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ ലഭിക്കും.

10,000 രൂപവരെ രക്ഷിതാക്കള്‍ പിഴയൊടുക്കേണ്ടി വരും. രക്ഷിതാക്കളല്ലാത്ത തൊഴില്‍ ദാതാക്കളുടെ കാര്യത്തില്‍ ആദ്യത്തെ തവണയായാല്‍ പോലും 50,000 രൂപവരെ പിഴ നല്‍കണം. നേരത്തെ ഇതു 20,000 ആയിരുന്നു.

വീണ്ടും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ തടവിനു ശിക്ഷിക്കുമെന്നും ഭേദഗതിയില്‍ പറയുന്നു. നേരത്തെ ഇതു ആറുമാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവായിരുന്നു.

മന്ത്രിസഭയുടെ അനുമതി കിട്ടിയതിനാല്‍ ബാലവേല ഭേദഗതി ബില്‍ 2012 പാര്‍ലമെന്റിനു മുമ്പാകെ വെയ്ക്കും.