തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് മാറ്റുന്നത് സംബന്ധിച്ച് റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ എസ്.എഫ്.ഐ നേതാവിനെതിരെ ആക്രോശിച്ച് പുതിയ നീക്കത്തിന് ശുപാർശ ചെയ്ത എൻ.സി.ഇ.ആർ.ടിയുടെ ഉന്നതതല കമ്മിറ്റി ചെയർപേഴ്സൺ സി.ഐ. ഐസക്.
സുജയ പാർവതി അവതാരകയായ ‘എന്തുകൊണ്ട് ഭാരതം?’ എന്ന ചർച്ചയിലായിരുന്നു എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ. അഫ്സലിനെതിരെ ഐസക്കിന്റെ മോശം പദപ്രയോഗം.
1858ന് ശേഷമാണ് ഇന്ത്യ എന്ന പേര് വരുന്നതെന്നും അതിന് മുമ്പ് ഇങ്ങനെയൊരു പേര് തന്നെയില്ലെന്നും പറഞ്ഞ സി.ഐ. ഐസക് ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ ഒന്നും പാഠപുസ്തകങ്ങളിൽ ഇല്ല എന്നും ചർച്ചയിൽ പറഞ്ഞു.
ഇതിനോട് ഇന്ത്യ എന്ന ഇൻക്ലൂസീവ് പദത്തെയും ഇന്ത്യയേയും എതിർക്കുകയാണ് നിങ്ങളെന്നെ അഫ്സലിന്റെ പ്രതികരണത്തിൽ പ്രകോപിതനായ ഐസക് ‘മിണ്ടാതിരിയെടാ, നീയേതാടാ തെണ്ടീ, നീയാരാടാ തെണ്ടീ’ എന്ന് ആക്രോശിക്കുകയായിരുന്നു.
ഉന്നതതല സമിതിയുടെ അധ്യക്ഷനായ സി. ഐസക്കിൽ നിന്നുള്ള ഇത്തരം പെരുമാറ്റത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഐസക്കിന്റെ പരാമർശത്തിനെ ചിരിച്ചുകൊണ്ട് നേരിട്ട അവതാരകക്ക് നേരെയും വിമർശനമുണ്ട്.
‘ഏയ്, അങ്ങനെയുള്ള വാക്കുകൾ ഒന്നും ഉപയോഗിക്കരുത്’ എന്ന തമാശ രൂപത്തിൽ പറയുന്ന സുജയ ഔദാര്യം നൽകുന്നത് പോലെയാണ് സംസാരിക്കുന്നതെന്നാണ് വിമർശനം.
സ്കൂൾ പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കുമെന്ന എൻ.സി.ഇ.ആർ.ടി. ശുപാർശ വലിയ രീതിയിൽ ചർച്ചയാവുകയാണ്.
പാഠ്യപദ്ധതിയിൽ പ്രാചീന ചരിത്രത്തിന് പകരം ക്ലാസിക്കൽ ചരിത്രം കൊണ്ടുവരുമെന്നും എല്ലാ വിഷയങ്ങളുടെയും സിലബസിൽ ഇന്ത്യൻ നോളേജ് സിസ്റ്റം (ഐ.കെ.എസ്) ഉൾപ്പെടുത്തുമെന്നും പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി ചെയർപേഴ്സൺ സി.ഐ. ഐസക് അറിയിച്ചിരുന്നു.
മുഗളന്മാർക്കും സുൽത്താന്മാർക്കുമെതിരെയുള്ള ഹിന്ദു വിജയങ്ങൾ പുസ്തകങ്ങളിൽ ഇല്ല എന്നും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസേർച്ചിന്റെ അംഗം കൂടിയായ ഐസക് നേരത്തെ പറഞ്ഞിരുന്നു.
Content Highlight: C Issac, NCERT committee chairperson against SFI leader