തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ സി.പി.ഐ യോജിക്കുന്നില്ലെന്ന് മുന്‍ മന്ത്രി സി. ദിവാകരന്‍. റിപ്പോര്‍ട്ടര്‍ ചെയ്ത കുറ്റമെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ശക്തമായ പ്രതിഷേധമാണ് സര്‍ക്കാരിന്റെ നടപടിയോട് എനിക്ക്. എന്ത് കുറ്റമാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. ഇത് പൊലീസിന്റെ ചില കുത്തിത്തിരിപ്പുകളാണ്. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെയെല്ലാം കേസെടുക്കണമെന്ന് പറയുന്നതില്‍ നിന്ന് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല,’ ദിവാകരന്‍ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നല്ല ഭരണാധികാരികള്‍ക്ക് കഴിയണമെന്നും ദിവാകരന്‍ പറഞ്ഞു.
അഖിലക്കെതിരെ കേസെടുത്തതില്‍ വലിയ പ്രതിഷേധമാണുയരുന്നത്.
വിഷയത്തില്‍ അഖിലക്കെതിരായ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണെന്നായിരുന്നു സച്ചിദാനന്ദന്‍ പറഞ്ഞത്.
കേസെടുത്തത് വിസ്മയകരമാണെന്നും ഒരു കേസിന്റെ ശരിതെറ്റുള്‍ അന്വേഷിക്കുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ ചുമതലയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വളരെയധികം ചര്‍ച്ച ചെയ്യുന്ന ഒരു കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത
അഖില നന്ദകുമാറിനെതിരായ കേസ് വിസ്മയകരമാണ്. മാധ്യമ സ്വാതന്ത്രത്തിനെതിരായ ഒരു വെല്ലുവിളിയായി ഇതിനെ കാണാം,’ സച്ചിദാനന്ദന്‍ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ പ്രസ്താവിച്ചിരുന്നു.
നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്ത പക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ നീങ്ങുമെന്നും കെ.യു.ഡബ്ല്യു.ജെ അറിയിച്ചിരുന്നു.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ആരൊക്കെ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ അവരെയെല്ലാം കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യുക തന്നെ വേണമെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ ഒഴിവാക്കണം മറ്റൊരാളെ ഉള്‍പ്പെടുത്തണമെന്ന് പറയാന്‍ സാധിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.
Content Highlights: C divakaran about akhila nandhakumar case