Movie Day
നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം, 19 വയസുകാരന്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 19, 02:57 pm
Wednesday, 19th January 2022, 8:27 pm

ചെന്നൈ: നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. ചെന്നൈയിലെ റോയപ്പേട്ട് എരിയയിലെ അപാര്‍ട്‌മെന്റിലാണ് മോഷണം നടന്നത്.

കേസില്‍ വീട്ടുജോലിക്കാരനായ 19 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. അഞ്ച് മാസമായി ധനുഷ് എന്ന് പേരുള്ള യുവാവ് നടിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു.

വീട്ടില്‍ നിന്ന് പണവും 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 11നാണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി ധനുഷ് കടന്നുകളഞ്ഞുവെന്നുമായിരുന്നു നടിയുടെ പരാതി. തുടര്‍ന്ന് തിരുപ്പൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ധനുഷിനെ പിടികൂടിയത്.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം മോഷണ വസ്തുക്കള്‍ തിരിച്ചുകിട്ടിയതിനാല്‍ പരാതി പിന്‍വലിക്കാനാണ് നിക്കിയുടെ തീരുമാനം.