ബി.ടി.എസിനൊപ്പം ചുവടുവെച്ച് ആക്ഷന്‍ കിങ് ജാക്കി ചാന്‍; വൈറലായി ആ വീഡിയോ
Entertainment news
ബി.ടി.എസിനൊപ്പം ചുവടുവെച്ച് ആക്ഷന്‍ കിങ് ജാക്കി ചാന്‍; വൈറലായി ആ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st March 2024, 1:08 pm

ലോകത്താകമാനം ഏറെ ആരാധകരുള്ള നടനും ആക്ഷന്‍ സ്റ്റാറുമാണ് ജാക്കി ചാന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോള്‍ ജാക്കി ചാന്റെ ഒരു പരസ്യമാണ് നിമിഷനേരം കൊണ്ട് വൈറലായിരിക്കുന്നത്.

ജാക്കി ചാനും ബി.ടി.എസിലെ ഗായകന്‍ വിയും ഒരുമിച്ചുള്ള പരസ്യമാണ് ഇത്. ലോകത്ത് ഒരുപാട് ആരാധകരുള്ള കെ-പോപ്പ് ഗായകനാണ് വി. ഇരുവരും ഒരു പരസ്യത്തിന് വേണ്ടി ഒന്നിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പരസ്യം പുറത്തുവന്നതിന് പിന്നാലെ അത് വലിയ ആഘോഷമായി.


ഇന്തോനേഷ്യ ആസ്ഥാനമായുള്ള സെക്യൂരിറ്റീസ് കമ്പനിയായ സിംഇന്‍വെസ്റ്റിന്റെ സ്റ്റോക്ക് ആന്‍ഡ് ട്രേഡിങ് ആപ്പിന്റെ പരസ്യത്തിന് വേണ്ടിയാണ് ജാക്കി ചാനും വിയും ഒന്നിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു സിംഇന്‍വെസ്റ്റിന്റെ അമ്പാസിഡറായി വി മാറിയത്.

63 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇരുവരും ഒരേ ഫ്രെയിമില്‍ വരുന്നത്. ഇത് തങ്ങള്‍ ഒരിക്കലും സ്വപ്‌നം കണ്ടിട്ട് പോലുമില്ലാത്ത ഒത്തുച്ചേരല്‍ ആണെന്നാണ് പലരും കമന്റുകള്‍ ചെയ്യുന്നത്. ആരാധകര്‍ പരസ്യത്തിന്റെ ബിഹൈന്‍ഡ് വീഡിയോയും ആവശ്യപ്പെടുന്നുണ്ട്.

പരസ്യത്തില്‍ ജാക്കി ചാന് മുന്നിലുള്ള വിയുടെ ഡാന്‍സ് മൂവ്‌മെന്റും ഏറെ ചര്‍ച്ചയാകുന്നുണ്ട്. ജാക്കി ചാനും ഗായകനൊപ്പം ഡാന്‍സ് ചെയ്യുന്നത് പരസ്യത്തില്‍ കാണാവുന്നതാണ്.

അതേസമയം, നിലവില്‍ സൈനിക സേവനത്തിലാണ് വി. കഴിഞ്ഞ ഡിസംബറിലായിരുന്നു അദ്ദേഹം നിര്‍ബന്ധിത സൈനിക സേവനത്തിനായി മിലിട്ടറിയിലേക്ക് പോയത്.

ബി.ടി.എസിലെ മറ്റ് അംഗങ്ങളും സൈനിക സേവനത്തിലാണ്. ബി.ടി.എസ് തങ്ങളുടെ സൈനിക സേവനം പൂര്‍ത്തിയാക്കി 2025ല്‍ വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Bts V And Jackie Chan Came Together For An Ad; Video Went Viral