സഖ്യമില്ലായിരുന്നെങ്കില്‍ ബി.എസ്.പി ഒരു സീറ്റ് പോലും നേടില്ലായിരുന്നു; മുതിര്‍ന്ന എസ്.പി നേതാവ് ഹരിഓം യാദവ്
ഫിറോസാബാദ്: എസ്.പിയുമായി സഖ്യം ചേര്‍ന്നില്ലായിരുന്നെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് ഒരു സീറ്റു പോലും നേടാന്‍ കഴിയില്ലായിരുന്നെന്ന് മുതിര്‍ന്ന എസ്.പി നേതാവ് ഹരിഓം യാദവ്. ബി.എസ്.പിയുമായി സഖ്യം ചേര്‍ന്നത് തന്റെ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകള്‍ ബി.എസ്.പിയ്ക്ക് നേടിക്കൊടുക്കാന്‍ എസ്.പിക്കു സാധിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു യാദവിന്‍റെ പ്രതികരണം.
‘മായാവതിക്ക് മാത്രമാണ് സഖ്യം കൊണ്ട് നേട്ടമുണ്ടായത്. എസ്.പി കനത്ത തിരിച്ചടി നേരിട്ടു. മഹാസഖ്യം ഇല്ലായിരുന്നെങ്കില്‍ ബി.എസ്.പി പൂജ്യത്തിലൊതുങ്ങുമായിരുന്നു. എസ്.പിക്ക് കുറഞ്ഞത് 25 സീറ്റുകളെങ്കുലും ലഭിക്കുകയും ചെയ്യുമായിരുന്നു’- യാദവ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
‘യാദവ സമുദായം ബി.എസ്.പിക്ക് വേണ്ടി വോട്ടു ചെയ്തു. എന്നാല്‍ ബെഹന്‍ജിയുടെ വോട്ടുകള്‍ ബി.ജെ.പിക്ക് പോയി’- യാദവ് കൂട്ടിച്ചേര്‍ത്തു.
സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും എസ്.പിക്കും ബി.എസ്.പിക്കും ആര്‍.എല്‍.ഡിക്കും യു.പിയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ലോക്സഭാ സീറ്റില്‍ എസ്.പിക്ക് അഞ്ചു സീറ്റ് മാത്രമാണ് ലഭിച്ചത്. ബി.എസ്.പിക്ക് പത്ത് സീറ്റ് ലഭിച്ചപ്പോള്‍ ആര്‍.എല്‍.ഡിക്ക് ഒരിടത്തും ജയിക്കാന്‍ കഴിഞ്ഞില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 11 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാനും മായാവതി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മഹാസഖ്യത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ഉണ്ടായിരുന്നില്ലെന്നും, തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ബി.എസ്.പി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.