നഷ്ടം നികത്താന്‍ പുതിയ പദ്ധതിയുമായി ബി.എസ്.എന്‍.എല്‍; കേരളത്തിലേതടക്കമുള്ള ഭൂമി വില്‍ക്കാന്‍ നീക്കം
നഷ്ടം നികത്താന്‍ ബി.എസ്.എന്‍.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാനുള്ള നീക്കവുമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം. ബി.എസ്.എന്‍.എല്ലിനെ നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ചുമതലപ്പെടുത്തിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിന്റെ നിര്‍ദേശ പ്രകാരം ഭൂമിയില്‍ നിന്നും വരുമാനം കണ്ടെത്താനുള്ള നീക്കമാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലുള്ള ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ബി.എസ്.എന്‍.എല്ലിന്റെ ഭൂമി ലിസ്റ്റ് ചെയ്ത് കോര്‍പ്പറേറ്റ് ഓഫീസര്‍മാര്‍ എല്ലാ സര്‍ക്കിളിലുമുള്ള ചീഫ് മാനേജര്‍മാര്‍ക്ക് അയച്ചിരിക്കുകയാണ്. ഭൂമിയുടെ സ്വഭാവം, അതിന്റെ വിസ്തീര്‍ണം തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള ലിസ്റ്റാണ് കൈമാറിയിരിക്കുന്നത്. പ്രോജക്ട് വസുന്ധരയെന്ന പേരില്‍ ബി.എസ്.എന്‍.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മൂല്യനിര്‍ണയം കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്തിരുന്നു.
കേരളം, മഹാരാഷ്ട്ര, യു.പി, തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി 63 സ്ഥലങ്ങളാണ് ഇത്തരത്തില്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്നത് എന്ന തരത്തില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ മുംബൈ, കൊല്‍ക്കത്ത, പശ്ചിമബംഗാള്‍, ഗാസിയാബാദ്, ജബല്‍പൂര്‍ എന്നിവിടങ്ങളിലെ ബി.എസ്.എന്‍.എല്‍ ഫാക്ടറികളും വയര്‍ലസ് സ്റ്റേഷനുകളും, മറ്റ് ഓഫീസുകളും സ്റ്റാഫ് കോളനികളും ഉള്‍പ്പെടും. 2018-19 കാലയളവിലെ കണക്കുപ്രകാരം 20000 കോടി വിലവരുന്ന സ്വത്തുവകകളാണിത്.
കോര്‍പ്പറേറ്റ് ഓഫീസുകളില്‍ നിന്ന് നല്‍കിയ ലിസ്റ്റ്
കേരളത്തില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ കൈമനത്തിനടുത്തുള്ള ബി.എസ്.എന്‍.എല്‍ റീജിയണല്‍ ടെലികോം ട്രെയിനിങ് സെന്ററിനു കീഴിലുള്ള ഭൂമിയാണ് പരിഗണിക്കുന്നത്. 29 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഭൂമിയില്‍ 9.88 ഏക്കര്‍ വിട്ടുകൊടുക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
തിരുവനന്തപുരം കന്യാകുമാരി ഹൈവേയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നേരത്തെ ഇവിടെ ഒരു എഞ്ചിനിയറിങ് കോളജ് തുടങ്ങാനുള്ള പദ്ധതി ബി.എസ്.എന്‍.എല്ലിനുണ്ടായിരുന്നു. എന്നാല്‍ അതിന് അനുമതി കിട്ടിയിട്ടില്ല. ഒരുകാലത്ത് ബി.എസ്.എന്‍.എലിന്റെ പ്രധാന ട്രെയിനിങ് സെന്ററായിരുന്നു ഇത്. ഇപ്പോള്‍ ഒപ്ടിക്കല്‍ ഫൈബര്‍, മറ്റ് സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയില്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സുകള്‍ നടത്താന്‍ ഉപയോഗിക്കുകയാണ്. ഈ ഭൂമിയിലെ ചില കെട്ടിടങ്ങള്‍ നിലവില്‍ തന്നെ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്.
ഈ ലിസ്റ്റ് ചെയ്ത ഭൂമികള്‍ ഓഹരി വില്‍ക്കുന്നതിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) എന്നിവയ്ക്ക് കൈമാറാനാണ് തീരുമാനം. എന്നാല്‍ ഈ ഭൂമി വില്‍ക്കാനാണോ അതോ വാടകയ്ക്ക് നല്‍കാനാണോ തീരുമാനമെന്ന് ബി.എസ്.എന്‍.എല്‍ പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്നുമാണ് ബി.എസ്.എന്‍.എല്‍.എല്‍ തൊഴിലാളി യൂണിയന്‍ പറയുന്നത്. അതേസമയം, ലീസിനു നല്‍കുന്നതിനെ അനുകൂലിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഭൂമി വില്‍ക്കാനായി കണ്‍സല്‍ട്ടന്റിനെ വെച്ച് മുന്നോട്ടുപോകാനാണ് നീക്കം നടക്കുന്നതെന്നും അവര്‍ പറയുന്നു.
സാങ്കേതികമായി അപ്‌ഗ്രേഡ് ചെയ്യുക, 4ജി സ്‌പെക്ട്രം അനുവദിക്കുക, ലോണെടുക്കാനുള്ള സൗകര്യങ്ങള്‍ നല്‍കുക എന്നിവ വഴി കമ്പനിയെ പുനരുജ്ജീവിപ്പിക്കണമെന്നാണ് തൊഴിലാളി യൂണിയന്‍ ആവശ്യപ്പെടുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
റിലയന്‍സ് ജിയോ അടക്കമുള്ള സ്വകാര്യ ടെലികോം സേവനദാതാക്കള്‍ക്കുവേണ്ടി ബി.എസ്.എന്‍.എല്ലിനെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. മാര്‍ക്കറ്റ് വില അനുസരിച്ച് ഇന്ത്യയിലെമ്പാടുമായി ബി.എസ്.എന്‍.എല്ലിന് നാലുലക്ഷം കോടിയുടെ ആസ്തിയുണ്ട്. ഒരുലക്ഷം കോടി മൂല്യമുള്ള ഒഴിച്ചിട്ട ഭൂമി ബി.എസ്.എന്‍.എല്ലിനുണ്ടെന്നാണ് യൂണിയന്‍ പറയുന്നത്. എന്നിട്ടും ബി.എസ്.എന്‍.എല്ലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ബാങ്ക് ലോണുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.