കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ 67 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയും ബൗളര്‍മാര്‍ അത് കൃത്യമായി ഡിഫന്‍ഡ് ചെയ്തുമാണ് വിജയം സ്വന്തമാക്കിയത്.
മത്സരത്തിലെ ഏറ്റവും മികച്ച മൊമെന്റുകളിലാന്നായിരുന്നു ലങ്കന്‍ ഇന്നിങ്‌സിലെ 14ാം ഓവറില്‍ പിറന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഡെലിവറിയെറിഞ്ഞുകൊണ്ടായിരുന്നു ഉമ്രാന്‍ മാലിക് ഒരിക്കല്‍ക്കൂടി ചരിത്രം തിരുത്തിയെഴുതിയത്.
ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ 155 കിലോമീറ്റര്‍ വേഗതയുടെ തന്റെ തന്നെ റെക്കോഡാണ് ഉമ്രാന്‍ തിരുത്തിക്കുറിച്ചത്. 156 കിലോമീറ്റര്‍ വേഗത്തിലാണ് കഴിഞ്ഞ മത്സരത്തില്‍ ഉമ്രാന്‍ പന്തെറിഞ്ഞത്.
എന്നാല്‍ ഈ ഡെലിവറിയുടെ വേഗത്തിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ഉടലെടുക്കുകയാണ്. ഒരേ ഡെലിവറിക്ക് ബ്രോഡ്കാസ്റ്റര്‍മാര്‍ വ്യത്യസ്ത സ്പീഡ് കാണിച്ചതോടെയാണ് സംശയങ്ങള്‍ ഉടലെടുത്തത്.
14ാം ഓവറിലെ നാലാം ഡെലിവറിയായിരുന്നു സംശയങ്ങള്‍ക്ക് വഴിവെച്ചത്. ആ പന്തിന് മത്സരത്തിന്റെ ഹിന്ദി ബ്രോഡ്കാസ്റ്റര്‍മാര്‍ 156 കിലോമീറ്റര്‍ വേഗതയും ഇംഗ്ലീഷ് ബ്രോഡ്കാസ്റ്റര്‍മാര്‍ 145.7 കിലോമീറ്റര്‍ വേഗതയുമാണ് കാണിച്ചത്.
ഇംഗ്ലീഷ് ബ്രോഡ്കാസ്റ്റര്‍മാരുടെ സ്പീഡ് ഗണ്‍ റിപ്പോര്‍ട്ട് പ്രകാരം ആ ഡെലിവറിക്ക് ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ ഡെലിവറി എന്ന റെക്കോഡിന് അര്‍ഹതയില്ല.
ഹിന്ദി ബ്രോഡ്കാസ്റ്റര്‍മാര്‍രുടെ റിപ്പോര്‍ട്ട് പ്രകാരം 147, 151, 151, 156, 146, 145 എന്നിങ്ങനെയായിരുന്നു 14ാം ഓവറില്‍ ഉമ്രാന്റെ വേഗത. എന്നാല്‍ മത്സരത്തിന്റെ ഒഫീഷ്യല്‍ ഇംഗ്ലീഷ് ബ്രോഡ്കാസ്റ്റര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം 147, 151, 151, 145.7, 146, 145 എന്നിങ്ങനെയാണ് ബൗളിങ് സ്പീഡ്.
ഇതില്‍ ആര്‍ക്കാണ് തെറ്റിയത് എന്ന സംശയത്തിലാണ് ആരാധകര്‍. ഈ ആശയക്കുഴപ്പം കാരണം ഈ ഡെലിവറിയുടെ ക്രെഡിറ്റ് ഉമ്രാന് ലഭിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.