'കൊവിഡിനെ തിരിച്ചറിയാന്‍ കുറച്ച് വൈകി; രോഗപ്രതിരോധത്തില്‍ വീഴ്ചകള്‍ പറ്റിയിട്ടുണ്ട്':ബോറിസ് ജോണ്‍സണ്‍
World News
'കൊവിഡിനെ തിരിച്ചറിയാന്‍ കുറച്ച് വൈകി; രോഗപ്രതിരോധത്തില്‍ വീഴ്ചകള്‍ പറ്റിയിട്ടുണ്ട്':ബോറിസ് ജോണ്‍സണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th July 2020, 7:40 am

 

ലണ്ടന്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച്കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ മറുപടി.

വൈറസിന്റെ വ്യാപനം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ ആരോഗ്യ മേഖലയ്‌ക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ല. വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം- അദ്ദേഹം പറഞ്ഞു.

ലോക്ഡൗണ്‍ ആരംഭിക്കാന്‍ വൈകിയോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു- ‘ ലോക്ഡൗണ്‍ വളരെ വൈകിപ്പോയോ എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ വരുന്നുണ്ട്.

തുടക്കത്തില്‍ കൊറോണയെ സംബന്ധിച്ച് ഞങ്ങള്‍ കാണാത്ത ഒരൊറ്റ കാര്യം അത് ആളുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്ന തീവ്രതയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ യു.കെയില്‍ വൈറസ് വളരെയധികം വ്യാപിച്ചു കഴിഞ്ഞിരുന്നു’.

രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതേപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് കഴിഞ്ഞയാഴ്ച ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. ബ്രിട്ടണില്‍ ഇതുവരെ 2,97,914 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 45677 പേര്‍ക്ക് കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക