നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാളാണ് ഫ്രാന്‍സിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. ക്ലബ്ബ് ഫു്‌ബോളില്‍ പി.എസ്.ജിക്കായി പന്ത് തട്ടുന്ന എംബാപ്പയെ ടീമിലെത്തിക്കാന്‍ ഒരുപാട് ക്ലബ്ബുകള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ മറ്റ് ക്ലബ്ബുമായൊന്നും അദ്ദേഹം കരാറിലെത്തിയിട്ടില്ല.
എംബാപ്പയെ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി കണക്കാക്കുന്ന ആരാധകര്‍ കുറച്ചൊന്നുമല്ല. എന്നാല്‍ അദ്ദേഹം മികച്ച താരമല്ലെന്ന് വാദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് സിനിമ താരവും പോകര്‍ പ്ലെയറുമായ റോറി ജെന്നിങ്‌സ്.
എംബാപ്പെ ടോപ്പ് ലീഗില്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലും എംബാപ്പെ കാര്യമായ പ്രകടനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘കിലിയന്‍ എംബാപ്പെയെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന് വിളിക്കുന്നതിലെ എന്റെ പ്രശ്‌നം പറയുകയാണെങ്കില്‍ അദ്ദേഹത്തിന് 24 വയസ്സാണ്, ഇതുവരെ അവന്‍ ഒരു മുന്‍നിര ലീഗില്‍ കളിച്ചിട്ടില്ല. ഒരു മികച്ച ലീഗില്‍ അദ്ദേഹം ഒരിക്കലും ഒന്നും ചെയ്തിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ ടോപ്പ് ലെവലില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല,’ റോറി ജെന്നിങ്‌സ് പറഞ്ഞു.
കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് എംബാപ്പെ പി.എസ്.ജിക്കും ഫ്രാന്‍സിനുമായി നടത്തുന്നത്. എംബാപ്പയോടൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് എര്‍ലിങ് ഹാലന്‍ഡിനെയാണ് അടുത്ത സൂപ്പര്‍ താരങ്ങളായി ഫുട്‌ബോള്‍ ലോകം നോക്കിക്കാണുന്നത്.