Advertisement
World News
ഇസ്രഈല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ച് രണ്ട് ബ്രിട്ടീഷ് എം.പിമാരെ കസ്റ്റഡിയില്‍ എടുത്ത് ഇസ്രഈല്‍; പ്രതിഷേധവുമായി ബ്രിട്ടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 06, 07:17 am
Sunday, 6th April 2025, 12:47 pm

ലണ്ടന്‍: പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇസ്രഈലില്‍ സന്ദര്‍ശനത്തിനെത്തിയ രണ്ട് ബ്രിട്ടീഷ് എം.പിമാരെ ഇസ്രഈല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധവുമായി ബ്രിട്ടന്‍. ലേബര്‍ പാര്‍ട്ടി എം.പിമാരായ യുവാന്‍ യാങ്, അബ്തിസം മുഹമ്മദ് എന്നിവരെയാണ് ഇസ്രഈല്‍ കസ്റ്റഡിയില്‍ എടുത്തത്.

ഇരുവരും ഇസ്രഈല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇസ്രഈല്‍ വിരുദ്ധത പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇതില്‍ യുവാന്‍ യാങ് ഏര്‍ലി വുഡ്‌ലി നിയോജകമണ്ഡലത്തിലേയും അബ്തിസം മുഹമ്മദ് ഷെഫീല്‍ഡ് സെന്‍ട്രലിന്റെയും എം.പിയുമാണ്. ഇരുവരും ശനിയാഴ്ചയാണ് യു.കെയിലെ ലൂട്ടണില്‍ നിന്ന് ഇസ്രഈലിലേക്ക് പുറപ്പെട്ടത്.

ഇസ്രഈലി സംഘം കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഇരുവരേയും യു.കെയിലേക്ക് തന്നെ തിരിച്ചയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജോര്‍ജ് ലാമി പ്രതിഷേധം രേഖപ്പെടുത്തി.

ഇസ്രഈലിലേക്കുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലെ രണ്ട് ബ്രിട്ടീഷ് എം.പിമാരെ ഇസ്രഈല്‍ അധികൃതര്‍ തടഞ്ഞുവയ്ക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തത് അസ്വീകാര്യവും ആശങ്കാജനകവുമാണെന്ന് ജോര്‍ജ് ലാമി പറഞ്ഞു.

‘ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍മാരോട് ഇസ്രഈല്‍ പെരുമാറിയ ഈ രീതി ശരിയല്ലെന്ന് ഇസ്രഈലി സര്‍ക്കാരിലെ എന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യാന്‍ ഞങ്ങള്‍ രാത്രി തന്നെ രണ്ട് എം.പിമാരുമായും ബന്ധപ്പെട്ടിട്ടുണ്ട്,’ ജോര്‍ജ് ലാമി പറഞ്ഞു.

അതേസമയം യു.കെ സര്‍ക്കാരിന്റെ ശ്രദ്ധ വെടിനിര്‍ത്തലിലും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിലും ബന്ദികളെ മോചിപ്പിക്കുന്നതിലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Britain protests after Israel detains two British MPs on anti-Israeli charges