World News
അമേരിക്കയോട് താരിഫ് യുദ്ധത്തിന് ബ്രിട്ടനില്ല; യൂറോപ്യന്‍ യൂണിയന്റെ കൗണ്ടര്‍ താരിഫില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 13, 03:43 am
Thursday, 13th March 2025, 9:13 am

ലണ്ടന്‍: അമേരിക്കയിലേക്കുള്ള അലൂമീനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 25% താരിഫ് ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതികാരം ചെയ്യാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തില്‍ യു.കെ പങ്കാളിയാവില്ല.

വിദേശ ലോഹ ഉത്‌പന്നങ്ങള്‍ക്ക് ഇളവുകളില്ലാതെ എല്ലാ രാജ്യങ്ങല്‍ക്കും 25 ശതമാനം താരിഫ് ചുമത്താനുള്ള യു.എസ് തീരുമാനത്തെ ‘നിരാശജനകം’ എന്ന് വിശേഷിപ്പിച്ച യു.കെയുടെ ബിസിനസ് ആന്‍ഡ് ട്രേഡ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് താത്ക്കാലം ബ്രിട്ടന്‍, ഇ.യുവിന്റെ പകരം തീരുവ (കൗണ്ടര്‍ താരിഫ്)യില്‍ പങ്കാളിയാവില്ലെന്ന് അറിയിച്ചു.

‘ഞങ്ങള്‍ ആ രീതിയില്‍ ഉടനടി പ്രതികാരം ചെയ്യാന്‍ പോകുന്നില്ല. എന്നിരുന്നാലും, തക്കസമയത്ത് ബ്രിട്ടന് പ്രതികാരം ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും,’ ട്രഷറിയിലെ എക്സ്‌കെവര്‍ സെക്രട്ടറി ജെയിംസ് മുറെ, ടൈംസ് റേഡിയോയോട് പറഞ്ഞു.

കഴിഞ്ഞ മാസം വാഷിങ്ടണില്‍വെച്ച് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും തമ്മില്‍ ഇരുരാജ്യങ്ങളുടേയും വ്യാപാരത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇത് യു.എസിന്റെ പുതിയ വ്യാപാര നയങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നാണ് ബ്രിട്ടന്‍ കരുതുന്നത്.

‘ഞങ്ങള്‍ പ്രായോഗിക സമീപനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അധിക താരിഫുകള്‍ ഒഴിവാക്കുന്നതിനും യു.കെ ബിസിനസുകള്‍ക്കും നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുന്നതിനുമായി യു.എസുമായി വിശാലമായ ഒരു സാമ്പത്തിക കരാറിനായി വേഗത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്,’ ബിസിനസ് ആന്‍ഡ് ട്രേഡ് സെക്രട്ടറി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ട്രംപിന്റെ 25% താരിഫ് പ്രഖ്യാപത്തിന് പിന്നാലെയാണ് 28 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള യു.എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് യൂറോപ്പ് പ്രഖ്യാപിച്ചത്. നിലവില്‍ ഇത്രയും മുല്യമുള്ള വസ്തുക്കളാണ് യു.എസ് യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നത്. ഏപ്രില്‍ ഒന്ന് മുതലാണ് ഇ.യുവിന്റെ തീരുവ പ്രാബല്യത്തില്‍ വരിക.

അതേസമയം യൂറോപ്യന്റെ കമ്മീഷന്റെ തീരുമാനത്തില്‍ നിന്ന് വിഭിന്നമായ ബ്രിട്ടന്റെ പ്രതികരണം യൂറോപ്യന്‍ ചേരിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യു.കെ ഔദ്യോഗികമായി പുറത്ത് കടന്നെങ്കിലും ബ്ലോക്കുമായുള്ള സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സ്റ്റാര്‍മര്‍ ശ്രമിക്കുന്നതിനിടയയിലാണ് പുതിയ വെല്ലുവിളി. ബ്രിട്ടീഷ് സ്റ്റീല്‍ കയറ്റുമതിയുടെ ഏകദേശം അഞ്ച് ശതമാനവും അലുമിനിയം കയറ്റുമതിയുടെ ആറ് ശതമാനവും യു.എസിലേക്കാണ് പോകുന്നത്.

ഞായറാഴ്ച റെയ്‌നോള്‍ഡ്‌സ് യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പുതിയ താരിഫുകള്‍ ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ തിങ്കളാഴ്ച പ്രസിഡന്റുമായുള്ള ഒരു ഫോണ്‍ സംഭാഷണത്തില്‍ ബ്രിട്ടീഷ് നിര്‍മാതാക്കളെ ലക്ഷ്യം വയ്ക്കരുതെന്ന് സ്റ്റാര്‍മര്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Britain not interested in tariff war with US; withdraws from EU counter-tariff