മേജര്‍ ലീഗ് ക്രിക്കറ്റില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ് ആദ്യ ജയം സ്വന്തമാക്കിയിരുന്നു. ടെക്‌സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനാണ് നൈറ്റ് റൈഡേഴ്‌സ് വിജയിച്ചുകയറിയത്.
നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Skipper said. Boys followed. 🫡 https://t.co/Ds3Q5j8Vq6 pic.twitter.com/92BZUS0mD8
— Los Angeles Knight Riders (@LA_KnightRiders) July 6, 2024
സൂപ്പര്‍ താരം ഉന്‍മുക്ത് ചന്ദിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് നൈറ്റ് റൈഡേഴ്‌സ് മികച്ച സ്‌കോറിലെത്തിയത്. 45 പന്തില്‍ 68 റണ്‍സാണ് താരം നേടിയത്.
കഴിഞ്ഞ സീസണില്‍ ആകെ നേടിയ റണ്‍സ് ഒറ്റ മത്സരത്തില്‍ തന്നെ തിരിച്ചടിച്ചാണ് ഉന്‍മുക്ത് ചന്ദ് ക്യാമ്പെയ്‌ന് തിരികൊളുത്തിയത്. നാല് ഇന്നിങ്‌സില്‍ നിന്നും 17.00 ശരാശരിയിലും 97.14 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്.
A batting performance that was out of this world! 🪐 pic.twitter.com/jOUuIZIqpQ
— Los Angeles Knight Riders (@LA_KnightRiders) July 6, 2024
എന്നാല്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ 150+ സ്‌ട്രൈക്ക് റേറ്റിലാണ് ഉന്‍മുക്ത് ചന്ദ് വെടിക്കെട്ട് നടത്തിയത്.
ഇതോടെ തന്നെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്ത സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കാനും താരത്തിനായി. മികച്ച ഫോമില്‍ തുടര്‍ന്നിട്ടും ലോകകപ്പ് ടീമിലേക്ക് യു.എസ്.എ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ പരിഗണിച്ചിരുന്നില്ല.
തങ്ങളുടെ ആദ്യ ലോകകപ്പ് ക്യാമ്പെയ്‌നില്‍ ഉന്‍മുക്ത് ചന്ദ് ഉണ്ടാകുമെന്നാണ് യു.എസ് ആരാധകര്‍ കരുതിയത്. ഇന്ത്യയെ അണ്ടര്‍ 19 കിരീടം ചൂടിച്ച ക്യാപ്റ്റന്റെ മികച്ച പ്രകടനത്തിനായി ഇന്ത്യന്‍ ആരാധകരും കാത്തിരുന്നു. യു.എസ്.എ ടീമിന്റെ നായകനായി ഉന്‍മുക്ത് ചന്ദിനെ പരിഗണിച്ചേക്കുമെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരാശയായിരുന്നു ഫലം. 15 അംഗ സ്‌ക്വാഡില്‍ മാത്രമല്ല, റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പോലും ഉന്‍മുക്ത് ചന്ദിന് അവസരമുണ്ടായിരുന്നില്ല.
എന്നാലിപ്പോള്‍ ലോകകപ്പിന് പിന്നാലെ ആരംഭിച്ച തങ്ങളുടെ ഫ്രാഞ്ചൈസി ലീഗില്‍ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. അതാകട്ടെ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മാര്‍കസ് സ്റ്റോയ്‌നിസും നവീന്‍ ഉള്‍ ഹഖും അടക്കമുള്ള ബൗളര്‍മാര്‍ക്കെതിരെയും. ലോകകപ്പിന് വേദിയായ സ്റ്റേഡിയങ്ങളില്‍ ഒന്നിലാണ് ഈ പ്രകടനം പിറവിയെടുത്തത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്സ് നായകന്‍ ഫാഫ് ഡു പ്ലെസി എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഡു പ്ലെസിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ആദ്യ മൂന്ന് ഓവറുകളില്‍ സൂപ്പര്‍ കിങ്സ് ബൗളര്‍മാര്‍ പുറത്തെടുത്തത്. മൂന്ന് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ടീം സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും സൂപ്പര്‍ കിങ്സ് മടക്കി.
ജേസണ്‍ റോയ് 11 പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ നായകന്‍ സുനില്‍ നരെയ്ന്‍ മൂന്ന് പന്തില്‍ രണ്ട് റണ്ണിനും മടങ്ങി. സിയ ഉള്‍ ഹഖ് മുഹമ്മദാണ് ഇരുവരെയും മടക്കിയത്.
പിന്നാലെയെത്തിയ ഉന്‍മുക്ത് ചന്ദാണ് ടീമിനെ താങ്ങി നിര്‍ത്തിയത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും അടക്കം 151.11 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നൈറ്റ് റൈഡേഴ്‌സ് 162 റണ്‍സിലെത്തി.
സൂപ്പര്‍ കിങ്‌സിനായി സിയ ഉള്‍ ഹഖ് മുഹമ്മദ്, ആരോണ്‍ ഹാര്‍ഡി, മാര്‍കസ് സ്റ്റോയ്നിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജെറാള്‍ഡ് കോട്സി ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടെക്സസിനായി ഡെവോണ്‍ കോണ്‍വേ തുടക്കത്തിലേ തകര്‍ത്തടിച്ചു. ക്യാപ്റ്റന്‍ ഫാഫിനെയും ഒപ്പം കൂട്ടിയാണ് കോണ്‍വേ റണ്ണടിച്ചുകൂട്ടിയത്.
ആദ്യ വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഫാഫ് മടങ്ങി. 14 പന്തില്‍ 14 റണ്‍സ് നേടിയ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനെ പുറത്താക്കി സ്പെന്‍സര്‍ ജോണ്‍സണാണ് ആദ്യ വിക്കറ്റ് നേടിയത്.
മൂന്നാം നമ്പറില്‍ ഇറങ്ങിയ ആരോണ്‍ ഹാര്‍ഡിക്കൊപ്പവും നാലാം നമ്പറിലിറങ്ങിയ ജോഷ്വാ ട്രോംപിനെയും ഒപ്പം കൂട്ടി കോണ്‍വേ വീണ്ടും സ്‌കോര്‍ ചെയ്തു തുടങ്ങി. രണ്ടാം വിക്കറ്റില്‍ 32 റണ്‍സിന്റെ കൂട്ടുകെട്ടും മൂന്നാം വിക്കറ്റില്‍ 38 റണ്‍സിന്റെ കൂട്ടുകെട്ടും കോണ്‍വേ പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 102ല്‍ നില്‍ക്കവെ കോണ്‍വേയെ മടക്കി അലി ഖാന്‍ നൈറ്റ് റൈഡേഴ്സിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 39 പന്തില്‍ 52 റണ്‍സാണ് കോണ്‍വേയുടെ സ്വന്തമാക്കിയത്. രണ്ട് സിക്സറും നാല് ഫോറുമാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.
He is no less than a superhero draped in purple and gold! 🦸 pic.twitter.com/qHQiH5T4X7
— Los Angeles Knight Riders (@LA_KnightRiders) July 6, 2024
ശേഷമെത്തിയവരില്‍ കാല്‍വിന്‍ സാവേജിനൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സൂപ്പര്‍ കിങ്സ് 20 ഓവറില്‍ 150ന് എട്ട് എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.
To our bowlers who took the centre stage tonight 🙌🤩 pic.twitter.com/NfpuJIa6n5
— Los Angeles Knight Riders (@LA_KnightRiders) July 6, 2024
നൈറ്റ് റൈഡേഴ്‌സിനായി അലി ഖാന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റും നേടി. ക്യാപ്റ്റന്‍ സുനില്‍ നരെയ്ന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ജൂണ്‍ എട്ടിനാണ് നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം. ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സാണ് എതിരാളികള്‍.
Also Read: ക്യാപ്റ്റന്‍സിയുടെ പ്രധാന ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ച് ശുഭ്മന്‍ ഗില്‍
Also Read: ഇന്ത്യന്‍ വിമണ്‍സിന് ചരിത്രത്തിലെ ആദ്യ ഹാട്രിക് നാണക്കേട്; തിരിച്ചടിച്ച് സൗത്ത് ആഫ്രിക്ക
CONTENT HIGHLIGHT: BRILLIANT BATTING PERFORMANCE BY UNMUKT CHAND IN MLC 2024