ശബ്ദവും ദൃശ്യങ്ങളുമെല്ലാം അപരിചിതമാംവണ്ണം ക്രമപ്പെടുത്തി സിനിമാറ്റിക്കായ ഭ്രമിപ്പിക്കലിലൂടെ അഭിജാതപക്ഷ സിനിമകള്‍ക്കേറ്റ വിമര്‍ശനങ്ങളുടെ മുനയൊടിക്കുക എന്ന ഗൂഢ ലക്ഷത്തോടെ മാത്രം നിര്‍മ്മിതമായിട്ടുള്ളതാണ് ഭ്രമയുഗം എന്ന സിനിമ. സിനിമാ വിമര്‍ശനങ്ങളില്‍ ഉയര്‍ന്നുവന്ന കീഴാള സാന്നിധ്യത്തെ നിസ്സാരവല്‍ക്കരിക്കുക എന്നതാണ് ഭ്രമയുഗം എന്ന സിനിമയുടെ അവതാര ലക്ഷ്യമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഒരു നാടന്‍ ചൊല്ലുണ്ട്.’ജയം ഏനും ഭൂമി നാനാര്‍ക്കും ‘ മേലാളനും കീഴാളനും തമ്മിലുള്ള ഭൂമി തര്‍ക്കത്തിന്റെ കോടതിവിധി സംബന്ധിച്ച് കീഴാളന്‍ പറയുന്ന വാചകമാണത്.
ഭ്രമയുഗം എന്ന സിനിമ സംബന്ധിച്ചുണ്ടാവുന്ന വ്യവഹാരങ്ങളും മേല്‍ചൊന്ന നാടന്‍ചൊല്ലിന് സമം എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. സാംസ്‌കാരിക വിമര്‍ശനത്തിന്റെ കീഴാളധാരയെ തള്ളിമാറ്റിക്കൊണ്ട് ആത്യന്തികമായ രാഷ്ട്രീയവിജയം അഭിജാതരില്‍ മാത്രംകൊണ്ടു കെട്ടുക എന്ന കുതന്ത്രമാണ് ഭ്രമയുഗം എന്ന സിനിമക്കുള്ളത്.
ശബ്ദവും ദൃശ്യങ്ങളുമെല്ലാം അപരിചിതമാംവണ്ണം ക്രമപ്പെടുത്തി സിനിമാറ്റിക്കായ ഭ്രമിപ്പിക്കലിലൂടെ അഭിജാതപക്ഷ സിനിമകള്‍ക്കേറ്റ വിമര്‍ശനങ്ങളുടെ മുനയൊടിക്കുക എന്ന ഗൂഢ ലക്ഷത്തോടെ മാത്രം നിര്‍മ്മിതമായിട്ടുള്ളതാണ് ഭ്രമയുഗം എന്ന സിനിമ. സിനിമാ വിമര്‍ശനങ്ങളില്‍ ഉയര്‍ന്നുവന്ന കീഴാള സാന്നിധ്യത്തെ നിസ്സാരവല്‍ക്കരിക്കുക എന്നതാണ് ഭ്രമയുഗം എന്ന സിനിമയുടെ അവതാര ലക്ഷ്യമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
നവസാംസ്‌കാരിക വിമര്‍ശനങ്ങളെ ബഹുസ്വരമായി കാണാനാകാതെ കറുപ്പ് വെളുപ്പ് എന്ന ബൈനറിയില്‍ മാത്രം കാണുന്ന ഇടുങ്ങിയ ബോധം സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ട്രീറ്റ്‌മെന്റില്‍ സ്പഷ്ടമാണ്.
മുടിഞ്ഞ് കാടുപിടിച്ച് ചോര്‍ന്നൊലിക്കുന്നബ്രാഹ്‌മണ സങ്കേതങ്ങള്‍ മലയാളിയുടെ എക്കാലത്തെയും കുറ്റബോധമാക്കി നിര്‍മ്മിച്ചത് ഇവിടത്തെ സാഹിത്യവും സാഹിത്യത്തെ പിന്‍പറ്റിയ സിനിമകളുമാണ്.
ഇതേ കുറ്റബോധമാണ് സിനിമയ്ക്ക് ലൊക്കേഷനായി മാറിയിട്ടുള്ളതെന്നത് യാദൃശ്ചികമല്ല. ആറാം തമ്പുരാനിലെ മംഗലശ്ശേരി തറവാടിനെ കുറച്ചുകൂടി ജീര്‍ണിപ്പിച്ച് കാണിച്ച് ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയെ കുറേക്കൂടി കണ്ണീര് ചേര്‍ത്ത് കാണിക്കുന്ന സവര്‍ണ്ണ വരേണ്യ രാഷ്ട്രീയം സിനിമ പുലര്‍ത്തുന്നുണ്ട്.
സവര്‍ണ്ണ /ബ്രാഹ്‌മണ അധികാരത്തിനുമേല്‍ കീഴാളര്‍ നടത്തുന്ന മുന്നേറ്റങ്ങളാണ് ദുരന്തംവിതക്കുന്നതെന്ന വലതുപക്ഷ ബോധം തന്നെയാണ് സിനിമയുടെ കാതല്‍.
പതിത ബ്രാഹ്‌മണന്‍ എന്ന രൂപകത്തെ കേരളീയ ഫോക്കുകളില്‍ നിരവധി കാണാന്‍ കഴിയും . ബ്രാഹ്‌മണ്യത്തിന്റെ നിഷ്‌കര്‍ഷതകള്‍ വെടിഞ്ഞ്
മത്സ്യാഹാരത്തില്‍ ഭ്രമിച്ച ബ്രാഹ്‌മണന്‍, മാംസാഹാരത്തില്‍ ഭ്രമിച്ച ബ്രാഹ്‌മണന്‍ ശൂദ്രസ്ത്രീശരീരത്തില്‍ ഭ്രമിച്ച ബ്രാഹ്‌മണന്‍, ആഭിചാരകര്‍മ്മങ്ങളില്‍ ഭ്രമിച്ച ബ്രാഹ്‌മണന്‍ അങ്ങനെ സ്വാത്വീകതയില്‍ നിന്നും പുറത്താവുന്ന ബ്രാഹ്‌മണരുടെ കഥകള്‍ മധ്യവര്‍ഗ ഫോക്കുകളാണ് കൊണ്ടാടിയിട്ടുള്ളത്.
പറശ്ശിനിക്കടവ് മുത്തപ്പന്‍, പുളിയാമ്പിള്ളി നമ്പൂരിവാത തുടങ്ങിയ നിരവധി ഐതിഹ്യങ്ങള്‍ ഇതിന് ഉദാഹരണമായിട്ടുണ്ട്. കീഴാള മനുഷ്യരെ ദാസ്യസ്വഭാവത്തില്‍ ഇളക്കമില്ലാതെ ഒപ്പം ചേര്‍ക്കുവാന്‍ നിര്‍മിച്ചിട്ടുള്ള സവര്‍ണ വ്യവഹാരങ്ങളാണ് ഇത്തരം കഥകളെല്ലാം.
പറയ സ്ത്രീയില്‍ എന്നതിന് പകരം അടിച്ചുതളിക്കാരി സ്ത്രീയില്‍ ബ്രാഹ്‌മണ ബീജം എന്ന ഒരു വ്യത്യാസം മാത്രമാണ് ഭ്രമയുഗം എന്ന സിനിമയില്‍ കാണുന്നത്.
ബ്രാഹ്‌മണന്‍ പറയ സ്ത്രീയെ വിവാഹം ചെയ്തു പതിതനായി പല ജാതിയില്‍ സന്താനങ്ങളെ നിര്‍മ്മിക്കുന്ന പറയിപെറ്റ പന്തിരുകുലം കഥയും ഇത്തരത്തില്‍ സവര്‍ണ്ണ അധികാര നിര്‍മ്മിതിയുടെ ഭാഗം തന്നെയാണ്.
അത്തരം സവര്‍ണ്ണമിത്തിക്കല്‍ കഥകളുടെ ഴാനറില്‍ തന്നെയാണ് ഭ്രമയുഗവും അവതരിച്ചിട്ടുള്ളത്. കീഴാള ദൈവസ്വരൂപമായ ചാത്തന്‍ അഭിനിവേശിച്ചതോടെയാണ് സാത്വികനായ ബ്രാഹ്‌മണനില്‍ ഹിംസ ഉടലെടുക്കുന്നത് എന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്.
കോഴിയെ പപ്പും കുടലും മാറ്റാതെ അതേപടി പാചകം ചെയ്തു നല്‍കുന്ന രംഗം സൂക്ഷ്മതയില്‍ ചിത്രീകരിക്കുന്നത് തന്നെ ആഹാരത്തിന്റെ താമസരൂപം എന്ന അഭിജാത സങ്കല്പത്തെ അരക്കിട്ടുറപ്പിക്കുന്നതിനാണ്.
ചൊവ്വയും ചാത്തനും കാളിയും(ഭദ്രകാളിയല്ല) മാടനും മറുതയുമെല്ലാം കീഴാളരുടെ ആരാധനാമൂര്‍ത്തികളാണ്. അവ ‘കുഞ്ഞുകുട്ടി സന്താനങ്ങള്‍ക്ക് കാവലുകെട്ടുന്ന ‘ കാവല്‍ ദേവതകള്‍ തന്നെയാണ്. കീഴാളരുടെ സങ്കല്പങ്ങളില്‍ അവ ഒരിക്കലും ദുഷ്ട ദേവതകളോ ദുര്‍മൂര്‍ത്തികളോ അല്ല.
കീഴാളരുടെ ദൈവരൂപങ്ങള്‍ ദുര്‍മൂര്‍ത്തികളാവുന്നത് ബ്രാഹ്‌മണിക് ദൈവ സങ്കല്പം കൊണ്ടുനടക്കുന്ന അഭിജാതര്‍ക്കു മാത്രമാണ്.
പുലപ്പേടിയും പറപ്പേടിയും മണ്ണാപ്പേടിയും മനുഷ്യര്‍ക്ക് നേരെ ചൊരിഞ്ഞവര്‍ അവരുടെ ദൈവങ്ങള്‍ക്ക് നേരെ ചാത്തന്‍ പേടിയും മറുതാപേടിയും ചൊരിഞ്ഞതില്‍ അത്ഭുതപ്പെടാനില്ല പൊതുബോധത്തിന്റെ കേള്‍വികളില്‍ ദുഷ്ടമൂര്‍ത്തിയായി കാണുന്ന മറുത കീഴാളരെ സംബന്ധിച്ചിടത്തോളം അമ്മയാണ്. മറുതായ് – മറ്റൊരു അമ്മ – എന്നാണ് മറുതയുടെ നിഷ്പത്തി.
അയ്യര്‍ ദ ഗ്രേറ്റ് എന്ന മമ്മൂട്ടിയുടെ സിനിമ, ആത്മീയ വ്യവഹാരങ്ങളില്‍ മാത്രമല്ല നിത്യജീവിത വ്യവഹാരങ്ങളിലും ബ്രാഹ്‌മണരെ ഗ്രേറ്റായി കരുതണം എന്ന അബോധത്തിന്റെ പ്രചരണോപാധിയാണ് ‘പൊലീസിംഗ് പോലുള്ള ഭരണ നടത്തിപ്പിലും ബ്രാഹ്‌മണന്റെ ബുദ്ധി പ്രധാനമാണെന്ന ജാതി വരേണ്യ ഒളിച്ചുകടത്തുന്നതായിരുന്നു സി.ബി.ഐ ഡയറിക്കുറിപ്പിലെ മമ്മൂട്ടിയുടെ പട്ടര്‍ സി.ബി.ഐ വേഷം.
അതേ ബ്രാഹ്‌മണ മഹിമാ പ്രഘോഷണത്തിന്റെ തുടര്‍ച്ചയാണ് സേതുരാമന്‍ ഐ.പി.എസ് എന്ന സിനിമ മുകേഷ് അയ്യര്‍ വേഷംകെട്ടുന്ന അയ്യര്‍ ഇന്‍ സൗദി അറേബ്യ എന്ന ഏറ്റവും പുതിയ സിനിമ പോലും പുതുസമൂഹം മറന്നു കളയാനിടയുള്ള പട്ടര്‍ പ്രതാപങ്ങളെ പുനരുല്‍പ്പാദിപ്പിക്കുന്നതിന് തന്നെയാണ് അവതരിച്ചത്.
മമ്മൂട്ടി പ്രതിനായക വേഷമിടുന്ന പുഴു എന്ന സിനിമയില്‍ ബ്രാഹ്‌മണന്‍ ഹിംസ ചെയ്തപ്പോള്‍ അതിനെതിരെ അങ്ങനെയൊന്നും സംഭവിക്കുകയില്ല എന്ന മട്ടില്‍ വരേണ്യരായ ഒരു വിഭാഗം എഴുത്തുകാര്‍ രംഗത്ത് വന്നതും ഭ്രമയുഗത്തിലെ ബ്രാഹ്‌മണന്റെ ഹിംസകളില്‍ ഇതേ വര്‍ഗ്ഗ എഴുത്തുകാരന്‍ നോര്‍മലൈസാകുന്നതും മാത്രംശ്രദ്ധിച്ചാല്‍ മതി ഭ്രമയുഗം എന്ന സിനിമ ഒളിച്ചു കടത്തുന്ന അഭിജാതപക്ഷ രാഷ്ട്രീയം വ്യക്തമാവാന്‍.
ബ്രാഹ്‌മണന്‍ ബ്രഹ്‌മാവിന്റെ ശിരസ്സില്‍ നിന്നും ജനിച്ചു ക്ഷത്രിയന്‍ കൈകളില്‍ നിന്നും ജനിച്ചു വൈശ്യന്‍ അരക്കെട്ടില്‍ നിന്നും ജനിച്ചു ശൂദ്രന്‍ പാദങ്ങളില്‍ നിന്നും ജനിച്ചു.
ബാക്കി മനുഷ്യരെല്ലാം അവരവരുടെ തന്തയ്ക്കും തള്ളയ്ക്കും ജനിച്ചു എന്ന് തന്തൈ പെരിയാര്‍ പറയുന്നതുപോലെ. ജന്മംകൊണ്ട് ബ്രാഹ്‌മണന്‍ ആകുന്നുവോ കര്‍മ്മം കൊണ്ട് ബ്രാഹ്‌മണന്‍ ആകുന്നുവോ? എന്നത് ആര്‍ക്കു മുന്നിലുള്ള തര്‍ക്കമാണ് ?
‘കാക്ക കുളിച്ചാല്‍ കൊക്കാകുമോ? കാക്കയ്ക്ക് കൊക്കാകേണ്ടെങ്കിലോ?
കാക്ക കുളിച്ചത് കൊക്കാകാനല്ല.
സ്വന്തം കറുപ്പ് ഒന്നുകൂടി തിളക്കാന്‍ ആണെങ്കിലോ. ‘
എന്ന് സച്ചിദാനന്ദന്റെ കവിതയെ ഓര്‍ക്കാം.
‘പത്തു ജന്മം പട്ടിയായി ജനിപ്പിച്ചാലും ഈ നമ്പൂരാക്കളുടെ ഇടയില്‍ പെണ്ണായി ജനിപ്പിക്കല്ലേ ഭഗവാനേ ‘ എന്ന് അഗ്‌നിസാക്ഷി എന്ന നോവലില്‍ ലളിതാംബിക അന്തര്‍ജനം എഴുതുന്നുണ്ട്.കണ്ണീരും കിനാവും എന്ന ആത്മകഥയില്‍ നമ്പൂതിരി പുരുഷനും യാന്ത്രികമായി ജീവിക്കുന്നു എന്ന കാര്യമാണ് വി ടി ഭട്ടത്തിരിപ്പാട് തുറന്നെഴുതുന്നത്.
തൊട്ടു താഴെ നില്‍ക്കുന്ന വര്‍ണ്ണവിഭാഗങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഭ്രമകാമനകളല്ലാതെ മനുഷ്യജീവിതത്തിന്റെ എന്ത് പ്രസരിപ്പാണ് ഇത്തരം ബ്രാഹ്‌മണ സങ്കേതങ്ങളില്‍ നിലനിന്നിട്ടുള്ളത്?
നവ സാമൂഹികതയെ തെല്ലു പോലും ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്ത ചില സിനിമാ നടന്മാര്‍ മൈക്ക് കിട്ടുമ്പോള്‍ അടിക്കുന്ന സിനിമാറ്റിക് ഡയലോഗില്‍ അല്ലാതെ, ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ ബ്രാഹ്‌മണനായ പറ്റൂ എന്നൊന്നും തീരുമാനിക്കുന്ന ആരും പുതിയ കാലത്ത് ജീവിച്ചിരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇത്തരം സിനിമകള്‍ക്ക് കഥയെഴുതുന്നവര്‍ അറിയേണ്ടതുണ്ട്.
ഞങ്ങള്‍ ഇപ്പോള്‍ എന്താണോ അതൊക്കെ തന്നെയായി അന്തസായി ജീവിക്കാനുള്ള സാമൂഹ്യ പരിസരം ഒരുക്കുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. ബാലരമയിലെ മായാവിയുടേതു പോലുള്ളൊരു കുട്ടിക്കഥയെ തിരക്കഥയാക്കി നിര്‍മ്മിച്ചതാണ് ഭ്രമയുഗം എന്ന സിനിമ.
മാന്ത്രിക വിളക്ക് കെടുത്തിയാല്‍ ഭൂതത്തെ തോല്‍പ്പിക്കാം. സുന്ദരിയുടെ പിന്നാലെ പോയാല്‍ ആ സ്ത്രീ യക്ഷിയായി മാറി പുരുഷനെ കൊലചെയ്യും. ഭൂതത്തിന്റെ അരയില്‍ നിന്നും താക്കോല്‍ എടുക്കല്‍ തുടങ്ങി, ‘യക്ഷി /മാന്ത്രിക കഥകളിലെ മുഴുവന്‍ ക്ലീഷേകളും പുതിയ കാലത്തും അതേപടി ചേരുവകളായിട്ടുമുണ്ട്.
എന്നിട്ട് ആളുകള്‍ പറഞ്ഞു വലുതാക്കിയെന്നതൊഴിച്ചാല്‍ ഭ്രമയുഗം എന്ന സിനിമ കാര്യമായ ഒരു രാഷ്ട്രീയ വിമര്‍ശനവും ഉയര്‍ത്തുന്നില്ല എന്നതാണ് സത്യം.
Content Highlight: Bramaugam movie writeup by Dr Vasu A.K