ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് ലക്ഷ്യമാക്കി ഇസ്രാഈലി എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള സ്‌പൈവെയര്‍ ആക്രമണം. 2020ലും 2021ലും പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആക്രമണം നടന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു.
ടെക് ഓര്‍ഗനൈസേഷനായ സിറ്റിസണ്‍ ലാബിന്റെ റിപ്പോര്‍ട്ട് പ്രകാരം ബ്രട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ്(Downing Street of-fice) ഒന്നിലധികം ആക്രമണങ്ങള്‍ നേരിട്ടതായി പറയുന്നു. നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റ് ലക്ഷ്യമിട്ടുള്ള സ്‌പൈവെയര്‍ ആക്രമണങ്ങള്‍ യു.എ.ഇ ആസൂത്രണം ചെയ്തതാണെന്ന് സിറ്റിസണ്‍ ലാബ് റിപ്പോര്‍ട്ടില്‍ സംശയമുന്നയിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് കൂടാതെ വിദേശകാര്യ, കോമണ്‍വെല്‍ത്ത് ഓഫീസ് തുടങ്ങിയവ കേന്ദ്രീകരിച്ചും ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘2020ലും 2021ലും യു.കെയിലെ ഔദ്യോഗിക നെറ്റ് വര്‍ക്കുകളില്‍ പെഗാസസ് സ്‌പൈവെയര്‍ ആക്രമണം നടന്നതായി സംശയിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായ ആക്രമണങ്ങള്‍ യു.എ.ഇയിലേക്ക് ലിങ്ക് ചെയ്യുന്ന പെഗാസസ് ഓപ്പറേറ്ററുമായി ബന്ധപ്പെട്ടതാണ്,’ സിറ്റിസണ്‍ ലാബ് പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ ഭാര്യയുടെ ഫോണ്‍ ദുബായ് ഭരണാധികാരി അധികാരം ദുരുപയോഗം ചെയ്ത് ചോര്‍ത്തിയിരുന്നതായി ബ്രിട്ടീഷ് കോടതി കഴിഞ്ഞ ഒക്ടോബറില്‍ കണ്ടെത്തിയിരുന്നു.
മുന്‍ ഭാര്യയുടേയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ ചോര്‍ത്താന്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായാണ് ബ്രിട്ടനിലെ കോടതി കണ്ടെത്തിയത്.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുടെ അര്‍ധ സഹോദരി കൂടിയായ പ്രിന്‍സസ് ഹയ ബിന്ദ് അല്‍-ഹുസൈന്റേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും ഫോണുകളാണ് ഷെയ്ഖ് മുഹമ്മദ് ചോര്‍ത്തിയത്. ഇരുവരുടേയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച കേസ് ബ്രിട്ടനിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കേയാണ് ഫോണ്‍ ചോര്‍ത്തിയത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം.
ഹാക്കിംഗ് വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ദുബായുമായുള്ള കരാര്‍ എന്‍.എസ്.ഒ റദ്ദാക്കിയിരുന്നു. എന്നാല്‍ ബ്രിട്ടനും ദുബായ്ക്കും ഇടയിലുള്ള കരാറുകളേയും ബന്ധങ്ങളേയും ഈ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത ബാധിച്ചിരുന്നില്ല.