മുംബൈ: കൊവിഡ് രോഗത്തിന് ഉപയോഗിക്കുന്ന അവശ്യമരുന്നായ റെംഡിസീവര്‍ സ്വകാര്യ വ്യക്തികള്‍ വന്‍ തോതില്‍ വില്‍ക്കുന്നതെങ്ങനെയെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി.
മരുന്ന് നിര്‍മ്മാണ കമ്പനികള്‍ കേന്ദ്രത്തിന് നേരിട്ട് നല്‍കുന്ന മരുന്നാണ് റെംഡിസീവറെന്നും എന്നാല്‍ രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ സ്വകാര്യ വ്യക്തികള്‍ ഇവ മാര്‍ക്കറ്റിലെത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ്. കുല്‍ക്കര്‍ണി എന്നിവര്‍ അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം. അഹമ്മദ്‌നഗറിലെ ബി.ജെ.പി എം.പിയായ ഡോ. സുജയ് വിഖേ പട്ടേലിന് 10000 ഡോസ് റെംഡിസീവര്‍ എങ്ങനെ കിട്ടിയെന്നും കോടതി ചോദിച്ചു.
‘ദല്‍ഹിയില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തി ഇത്രയധികം മരുന്ന് കൊണ്ടുവരാന്‍ എങ്ങനെ കഴിഞ്ഞു? ദല്‍ഹിയില്‍ തന്നെ രോഗവ്യാപനം രൂക്ഷമാകുകയാണ്. ഈ അവസരത്തില്‍ ഇത്രയധികം മരുന്ന് എങ്ങനെയാണ് സ്വകാര്യ വ്യക്തിയ്ക്ക് ലഭിച്ചത് ‘?, കോടതി ചോദിച്ചു.
മരുന്ന് ആവശ്യമുള്ള എല്ലാവര്‍ക്കും അത് ലഭ്യമാക്കുകയാണ് വേണ്ടതെന്നും അല്ലാതെ കുറച്ചുപേര്‍ മാത്രം അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
നിരവധി പേര്‍ ഇത്തരത്തില്‍ മരുന്ന് കച്ചവടം നിയമവിരുദ്ധമായി തന്നെ തുടരുകയാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും തുടര്‍ന്നും ഇത്തരം പരാതികള്‍ ലഭിച്ചാല്‍ നടപടി കര്‍ശനമാക്കുമെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക