മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായി പരിഗണിക്കപെടുന്ന ചിത്രമാണ് ട്രാഫിക്. ബോബി- സഞ്ജയുടെ തിരക്കഥയിൽ അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ആയിരുന്നു ട്രാഫിക് അണിയിച്ചൊരുക്കിയത്. ചിത്രത്തിന്റെ തിരക്കഥയ്‌ക്ക് ആ വർഷത്തെ സംസ്ഥാന അവാർഡും നേടാൻ സാധിച്ചിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമിച്ച ചിത്രമായിരുന്നു ട്രാഫിക്. ഒരുപാട് നിർമാതക്കൾ തള്ളി കളഞ്ഞ ട്രാഫിക്കിന്റെ തിരക്കഥ ആദ്യമായി പറഞ്ഞപ്പോൾ ലിസ്റ്റിന് മനസിലായില്ല എന്നാണ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് പറയുന്നത്.
ട്രാഫിക് പറഞ്ഞു മനസിലാക്കാൻ കുറച്ച് പ്രയാസമുണ്ടായിരുന്നുവെന്നും ഒരു ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെടുത്തിയാണ് കഥ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ട്രാഫിക്കിന്റെ കഥ പറഞ്ഞ് ഫലിപ്പിക്കാൻ കുറച്ച് പ്രായാസമുണ്ടായിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു അതിന്റെ പ്രൊഡ്യൂസർ. ഇപ്പോൾ മാജിക് ഫ്രെയിംസിലെ ലിസ്റ്റിൻ സ്റ്റീഫൻ. അന്ന് ലിസ്റ്റിന് പത്തിരുപത്തിമൂന്ന് വയസ്സ് മാത്രമേയുള്ളൂ.
കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് അത് മനസിലായില്ല. ഒരുപാട് നിർമാതാക്കൾ റിജെക്ട് ചെയ്ത തിരക്കഥയായിരുന്നു ട്രാഫിക്കിന്റേത്.
കഥ പറഞ്ഞിട്ട് മനസിലാവാത്തത് കൊണ്ട് ഞങ്ങൾ ഒരു ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് ട്രാഫിക്കിനെ കുറിച്ച് പറഞ്ഞത്. ഒരു ഓവറിൽ 48 റൺസ് വേണം. ഇതെങ്ങനെ എന്നുള്ളതാണ് ഈ സിനിമയുടെ കഥ എന്ന് പറയുന്ന പോലെയാണ് ട്രാഫികിന്റെ കഥ പറഞ്ഞത്.
ട്രാഫിക്കിലെ എല്ലാ അഭിനേതാക്കൾക്കും അതിന്റെ തിരക്കഥയാണ് കൊടുത്തത്. അത് വായിക്കാൻ കുറച്ചൂടെ എളുപ്പമാണ്. ട്രാഫിക്കിന്റെ കഥ പറയാൻ മാത്രമേ ഞങ്ങൾക്ക് അത്തരത്തിൽ ഒരു ബുദ്ധിമുട്ട് വന്നിട്ടുള്ളൂ. മറ്റുള്ളവയെല്ലാം ഡയറക്ടായി കഥ പറയുന്ന സിനിമകൾ ആയിരുന്നു,’ സഞ്ജയ് പറയുന്നു.