Entertainment
ശ്രീനിയേട്ടന്റെ ആ മറുപടി എന്നെ നിരാശനാക്കി, ആ മമ്മൂട്ടി ചിത്രം സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 12, 04:12 am
Sunday, 12th January 2025, 9:42 am

സംവിധായകൻ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിത ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. നീണ്ട വർഷങ്ങൾക്ക് ശേഷം 2004 ലാണ് ബ്ലെസി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയും നിരവധി പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് തന്മാത്ര, പളുങ്ക് തുടങ്ങി ഏറ്റവും ഒടുവിലിറങ്ങിയ ആടുജീവിതം വരെയുള്ള സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി ബ്ലെസി മാറി.2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവന്‍ എന്ന ബാലനെ ചുറ്റിപ്പറ്റിയാണ് കാഴ്ചയെന്ന സിനിമയുടെ കഥ. ചിത്രത്തില്‍ പവന്‍ അഥവാ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രമായി എത്തിയത് യാഷ് ഗാവ്ലിയായിരുന്നു. മലയാളം അറിയാത്ത ഗുജറാത്തി ഭാഷ മാത്രം സംസാരിക്കുന്ന കുട്ടിയായിരുന്നു കൊച്ചുണ്ടാപ്രി. ഈ സിനിമയുടെ തിരക്കഥ എഴുതിയതിനെ കുറിച്ച് പറയുകയാണ് ബ്ലെസി.

കാഴ്ചയുടെ തിരക്കഥ എഴുതാനായി ആദ്യം നടൻ ശ്രീനിവാസനെയാണ് സമീപിച്ചതെന്നും അദ്ദേഹം അതിന് തയ്യാറായിരുന്നുവെന്നും ബ്ലെസി പറയുന്നു. എന്നാൽ പിന്നീട് സിനിമയിലെ സീൻ ബിൽഡ് ചെയ്യാൻ വലിയ പ്രയാസമാണെന്ന് ശ്രീനിവാസൻ പറഞ്ഞെന്നും ആംഗ്യ ഭാഷയില്‍ എത്ര സീനുകൾ എഴുതാനാവുമെന് ശ്രീനിവാസൻ ചോദിച്ചെന്നും ബ്ലെസി പറഞ്ഞു. കാഴ്ച എന്ന സിനിമ സംഭവിക്കില്ലെന്ന് താൻ ഒരു ഘട്ടത്തിൽ കരുതിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാഴ്ചയുടെ തിരക്കഥയെഴുതാനായി ശ്രീനിയേട്ടനെ സമീപിച്ചപ്പോൾ, ആംഗ്യ ഭാഷയില്‍ എത്ര സീന്‍ എഴുതാന്‍ പറ്റുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്
_ ബ്ലെസി

‘സത്യത്തില്‍ കാഴ്ചയുടെ സ്‌ക്രിപ്റ്റ് എഴുതി തരണമെന്ന് പറഞ്ഞ് ഞാന്‍ ആദ്യം സമീപിക്കുന്നത് ശ്രീനിയേട്ടനെയാണ്. ആദ്യ സമയങ്ങളില്‍ അദ്ദേഹം അതിന് തയ്യാറായിരുന്നു. അദ്ദേഹം ഉദയനാണ് താരമെന്ന സിനിമയുടെ കഥ എഴുതുന്ന സമയത്താണ് ഞാന്‍ ഇതുമായി വീണ്ടും സമീപിക്കുന്നത്. ഈ ആംഗ്യ ഭാഷയില്‍ ഇങ്ങനെ എത്ര സീന്‍ നമുക്ക് എഴുതാന്‍ പറ്റുമെന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചത്.

അതിനകത്തെ സീന്‍ ബിള്‍ഡ് ചെയ്യാന്‍ വലിയ പ്രയാസമായിരുന്നു. അത് എന്നെ ഒരുപാട് നിരാശനാക്കി. ഇങ്ങനെയൊരു സിനിമയുമായി ഇനി മുന്നോട്ട് പോകാന്‍ പറ്റുമോ എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ ഞാന്‍ കണ്ടിട്ടുള്ള സിനിമയെയൊന്നും സത്യത്തില്‍ ഭാഷ മനസിലാക്കിയിട്ടല്ല കണ്ടിട്ടുള്ളത്.

ഞാന്‍ കണ്ടിട്ടുള്ള ഒരു സിനിമയും അവര്‍ പറഞ്ഞ ഭാഷ ഏതാണെന്നോ അവര് പറയുന്നത് എന്താണെന്നോ മനസിലാക്കിയിട്ടല്ല അതിനെ ലോക ക്ലാസിക്കായിട്ട് കൊണ്ടുനടന്നത്. സിനിമക്ക് ഒരു ഭാഷയുണ്ട്. അതൊരു ദൃശ്യ ഭാഷയാണ്. അതാണ് എനിക്ക് കാഴ്ചയുടെ കഥ എഴുതാനുണ്ടായ ആദ്യ പ്രചോദനം. കണ്ടാല്‍ മനസിലാകണം സിനിമ,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy About Sreenivasan And Kazcha Movie