ഗുജറാത്തിലെ ബി.ജെ.പി ഘടകങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. അംറേലി ലോക്‌സഭാ സീറ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന്റെ വീഡിയോ പുറത്തുവന്നു. മോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ഗുജറാത്തിലെ അഞ്ച് ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മില്‍ ഏറ്റുമുട്ടിയത്.
സാബര്‍ കാന്താ, രാജ്‌കോട്ട്, വഡോരത, വത്സാദ് ജില്ലകളിലെ സീറ്റുകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാതെ നേതൃത്വം സമ്മര്‍ദത്തിലായിരിക്കുകയാണ്. അതിനിടെ ജൂനഗഡ് – ഗിര്‍ സോംനാഥ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി രാജേഷ് ചുദസാമ എം.പിക്കെതിരെ മുന്‍ ജനസംഘം പ്രവര്‍ത്തകന്‍ സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പാട്ടീലിന് എഴുതിയ കത്ത് സ്ഥിതി കൂടുതല്‍ വഷളാക്കി.
സിറ്റിങ് എം.പി വികസന കാര്യത്തില്‍ വട്ടപ്പൂജ്യം ആണെന്നും കേന്ദ്ര സംസ്ഥാന പദ്ധതികള്‍ക്ക്
ഗുണഭോക്താക്കളെ കണ്ടെത്താന്‍ ചുദസാമക്ക് കഴിഞ്ഞിട്ടില്ലെന്നുമുള്ള കത്തിന്റെ ഉള്ളടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം ബി.ജെ.പിയില്‍ എത്തിയ ഹേമാങ് ജോഷിക്ക് സീറ്റ് നല്‍കാനാണ് ധാരണ. എന്നാല്‍ വനിത എം.പിയെ മാറ്റി ജോഷിയെ സ്ഥാനാര്‍ഥിയാക്കുന്നത് വനിതകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പല നേതാക്കളും പരസ്യമായി പറഞ്ഞിരുന്നു.
തര്‍ക്കം നിലനില്‍ക്കുന്ന സാബര്‍കാന്തയില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഭൂപേന്ദ്ര പാട്ടിലിന്റെ വസതിയില്‍ നേതൃയോഗം ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി എത്തിയ നേതാവിന്റെ ഭാര്യ ശോഭന ബരയ്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.