150 എം.പിമാരെ സസ്‌പെന്റ് ചെയ്ത പാരമ്പര്യമുള്ള ബി.ജെ.പിക്ക് സ്പീക്കര്‍ സ്ഥാനം നല്‍കുന്നത് അപകടം; ടി.ഡി.പി ഏറ്റെടുക്കണമെന്ന് എ.എ.പി
national news
150 എം.പിമാരെ സസ്‌പെന്റ് ചെയ്ത പാരമ്പര്യമുള്ള ബി.ജെ.പിക്ക് സ്പീക്കര്‍ സ്ഥാനം നല്‍കുന്നത് അപകടം; ടി.ഡി.പി ഏറ്റെടുക്കണമെന്ന് എ.എ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2024, 9:03 am

ന്യൂദല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനം ടി.ഡി.പി ഏറ്റെടുക്കണമെന്ന ആവശ്യവുമായി എ.എ.പി. ലോക്‌സഭയില്‍ നിന്ന് ഒറ്റയടിക്ക് 150 എം.പിമാരെ സസ്‌പെന്റ് ചെയ്ത പാരമ്പര്യമുള്ള ബി.ജെ.പി സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്തുന്നത് അപകടമാണെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ബി.ജെ.പി സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്തിയാല്‍ കുതിരക്കച്ചവടത്തിനും ഭരണഘടന വ്യവസ്ഥകളുടെ ലംഘനത്തിനും സാധ്യത കൂടുതലാണെന്നും അത് പാര്‍ലമെന്റി കാര്യങ്ങള്‍ക്ക് അപടകടമാണെന്നും അദ്ദേഹം പറഞ്ഞു. 16 അംഗങ്ങളുള്ള ടി.ഡി.പിയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തേണ്ടതെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു.

‘ രാജ്യത്തിന്റെ ചരിത്രത്തിലിതുവരെ 150 എം.പിമാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ബി.ജെ.പി കഴിഞ്ഞ തവണ അത് ചെയ്തു. അതുകൊണ്ട് ഇത്തവണയും സ്പീക്കര്‍ ബി.ജെ.പിയില്‍ നിന്നാണെങ്കില്‍ ഏകപക്ഷീയാമായി, ഭരണഘടന ലംഘിച്ച് ബില്ലുകള്‍ പാസാക്കാനുള്ള സാധ്യതയുണ്ട്. മാത്രവുമല്ല ജെ.ഡി.യു, ടി.ഡി.പി ഉള്‍പ്പടെയുള്ള ചെറുപാര്‍ട്ടികളെ തകര്‍ക്കുകയും, അവരെ ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യു. ബി.ജെ.പിക്ക് അത്തരം ചരിത്രമുണ്ട്,’ സഞ്ജയ് സിങ് ലഖ്‌നൗവില്‍ പറഞ്ഞു.

സ്പീക്കര്‍സ്ഥാനം ബി.ജെ.പിക്ക് ലഭിക്കുകയാണെങ്കില്‍ ശബ്ദമുയര്‍ത്തുന്ന എം.പിമാരെ സഭയില്‍ നിന്ന് പുറത്താക്കുമെന്നാണ് താനും പാര്‍ട്ടിയും വിശ്വസിക്കുന്നത് എന്നും സഞ്ജയ് സിങ് പറഞ്ഞു. ബി.ജെ.പിക്ക് സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍, ആസ്ഥാനം ഉപയോഗിച്ച് ബി.ജെ.പി ഇന്ത്യ മുന്നണിയിലെയും എന്‍.ഡി.എയിലെയും ചെറുപാര്‍ട്ടികളെ തകര്‍ക്കുമെന്നും എ.എ.പി നേതാവ് പറഞ്ഞു.

അതേസമയം ഇന്നാണ് മൂന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ. കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിച്ചുകൊണ്ടാണ് എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ സഖ്യകക്ഷികളുടെ പിന്‍ബലത്തിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത്. സ്പീക്കര്‍ സ്ഥാനമുള്‍പ്പടെയുള്ള നിര്‍ണായക പദവികള്‍ മുന്നണിയിലെ രണ്ടാംകക്ഷിയായ ടി.ഡി.പി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

ഇന്ന് വൈകീട്ട് 7.30ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. പരിപാടിയില്‍ എട്ട് രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ 8000 ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പിയില്‍ നിന്നുള്ള മുതിര്‍ന്ന മന്ത്രിമാരും, ഘടകകക്ഷികളില്‍ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും അധികാരമേല്‍ക്കും.

രാഷ്ട്രപ്രതി ദ്രൗപതി മുര്‍മു എല്ലാവര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാവിലെ രാജ്ഘട്ടില്‍ ഗാന്ധിസമാധിയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം യുദ്ധസ്മാരകത്തിലും, മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സ്മാരകത്തിലും എത്തിയിരുന്നു. ചടങ്ങിന് ശേഷം രാത്രിയോടെ തന്നെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറത്തിറക്കും.

മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റിനില്‍ വിക്രസിംഗെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്‌ബെ, സെയ്ഷല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നോത്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്‍മാര്‍.

കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ ആവശ്യമായ അംഗസംഖ്യ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് അംഗസംഖ്യ 100 തികച്ച് പ്രതിപക്ഷ നേതാവ് സ്ഥാനത്തിനും അര്‍ഹരായി. നെഹ്‌റുവിന് ശേഷം മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന വ്യക്തിയാണ് നരേന്ദ്രമോദി.

content highlights: BJP, which has a tradition of suspending 150 MPs, is in danger of being given the post of Speaker; AAP wants to take over TDP