മുംബൈ: മുംബൈയില്‍ ആത്മഹത്യ ചെയ്ത ദാദ്ര നഗര്‍ ഹവേലി എം.പി മോഹന്‍ ദേല്‍ക്കറെയുടെ ആത്മഹത്യകുറിപ്പില്‍ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ പേര്. ദേല്‍ക്കറയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ തന്നെ പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ബി.ജെ.പിയുടെ മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ പ്രഫുല്‍ പട്ടേലിന്റെ പേരും ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രഫുല്‍ പട്ടേലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ദേല്‍ക്കറെ ബി.ജെ.പി നിരന്തരമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനോട് സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
താന്‍ നിരന്തരമായി അനീതി നേരിടുന്നുണ്ടെന്ന് ദേല്‍ക്കര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് സച്ചിന്‍ സാവന്ത് പറഞ്ഞു. ഇതില്‍ ഏറെ ദുഃഖിതനായ അദ്ദേഹം എം.പി സ്ഥാനം രാജിവെക്കാമെന്നും പറഞ്ഞിരുന്നുന്നെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിരന്തരം ഭീഷണി മുഴക്കിയും ദേല്‍ക്കറെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തും ബി.ജെ.പി അദ്ദേഹത്തെ മാനസിക സമ്മര്‍ദ്ദത്തിലായിക്കിയിരുന്നെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.
ഫെബ്രുവരി 22നാണ് ദേല്‍ക്കറെ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഹോട്ടല്‍ മുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ജോലിയുടെ ഭാഗമായി മുംബൈയിലേക്ക് പോകുന്നുവെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞത്.
മുംബൈ ജെ.ജെ. ഹോസ്പിറ്റലിലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത്. ദേല്‍ക്കര്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
എഴ് തവണ എം.പിയായ മോഹന്‍ ദേല്‍ക്കര്‍ നേരത്തെ കോണ്‍ഗ്രസിലായിരുന്നു. 2019ല്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ അദ്ദേഹം ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയുടെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.