ബി.ജെ.പി വിരുദ്ധ പ്രസ്താവന; എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ മധുപാലിനെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍
കോഴിക്കോട്: എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ നടനും സംവിധായകനുമായ മധുപാലിനെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍.’നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത് ‘എന്ന മധുപാലിന്റെ പഴയ പ്രസ്താവനക്കെതിരെയായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീണ്ടും രംഗത്തെത്തിയത്. മധുപാല്‍ മരിച്ചെന്നതുള്‍പ്പെടെ തെറിവിളികളും പരിഹാസങ്ങളുമായാണ് അദ്ദേഹത്തെ ഫേസ്ബുക്ക് പേജില്‍ അക്രമിക്കുന്നത്.
‘ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ. മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം’. എന്നായിരുന്നു മധുപാല്‍ പറഞ്ഞത്.
എക്‌സിറ്റ് പോള്‍ ഫലംപുറത്ത് വന്നതോടെ പ്രസ്താവന വീണ്ടും കുത്തിപൊക്കി.ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞതായിട്ടായിരുന്നു പ്രധാന പ്രചരണം. ഇതിന് താഴെ മധുപാല്‍ മരിച്ചെന്നതുള്‍പ്പെടെ കമന്റുകള്‍ എത്തി.
വാക്ക് പാലിക്കില്ലെങ്കില്‍ നിന്റെ വീടിനു മുന്നില്‍ റീത്ത് വച്ചു അനുശോചന സമ്മേളനം നടത്തും.., പ്രശസ്ത നടന്‍ മധുപാല്‍ തൂങ്ങി മരിച്ചു, താങ്കളുടെ അകാല മൃത്യുവില്‍ അനുശോചനം രേഖപ്പെടുത്തുന്നു….’ സജ്ഞയനം 28-5-19 രാവിലെ ഒന്‍പത് മണിക്ക്… എന്നിങ്ങനെയാണ് കമന്റുകള്‍.
പ്രചരണം വ്യാപകമായതോടെ ഏപ്രില്‍ 21ന് തന്റെ നിലപാട് വിശദീകരിച്ച് മധുപാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
‘ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയയില്‍ കണ്ടു. ഞാന്‍ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂര്‍ണമായും ഉള്‍ക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.’ എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്.