കൊച്ചി: നിയമസഭയില്‍ ഏറ്റ പരാജയത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ഭാരവാഹി യോഗം.
ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്നും സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിമുട്ടിയത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.
എന്നാല്‍ യോഗത്തില്‍ നിന്ന് ശോഭ സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളടക്കം പലരും വിട്ടുനിന്നു.
തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വി പരിശോധിക്കാന്‍ സംസ്ഥാന നേതാക്കള്‍ താഴേ തട്ടിലിറങ്ങി വിലയിരുത്താനും യോഗ തീരുമാനമായി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കുറഞ്ഞതും വിമര്‍ശനത്തിന് ഇടയാക്കി.
അതേസമയം സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാജി സന്നദ്ധത കെ. സുരേന്ദ്രന്‍ അറിയിച്ചെങ്കിലും കേന്ദ്ര നേതൃത്വം തീരുമാനം തള്ളി.
നേരത്തെ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ ശക്തമായ വര്‍ഗീയ ധ്രുവീകരണം നടന്നുവെന്നും മത-സമുദായ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. മുസ്‌ലിം സമുദായം തീരുമാനിച്ചവര്‍ മാത്രമാണ് നിയമസഭയിലെത്തുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്. ബാക്കിയുള്ള 41 സീറ്റില്‍ യു.ഡി.എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.
2016 ല്‍ കിട്ടിയ വോട്ട് കണക്കില്‍ നാല് ശതമാനത്തിന്റെ ഇടിവാണ് ബി.ജെ.പിക്ക് ഉണ്ടായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക