ബി.ജെ.പി വാഗ്ദാനം ചെയ്തത് 30 കോടിയും കാബിനറ്റ് പദവിയും; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ
national news
ബി.ജെ.പി വാഗ്ദാനം ചെയ്തത് 30 കോടിയും കാബിനറ്റ് പദവിയും; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th September 2018, 11:03 am

ബെംഗളൂരു: കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്നാല്‍ 30 കോടി രൂപയും കാബിനറ്റ് പദവിയും നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എയുടെ വെളിപ്പെടുത്തല്‍.

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വനിതാ മോര്‍ച്ചാ പ്രസിഡന്റും എം.എല്‍.എയുമായ ലക്ഷ്മി ഹെബ്ബാല്‍ക്കറാണ് ബി.ജെ.പിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

“”ഏത് വിധേനയും കര്‍ണാടക പിടിക്കാനായിരുന്നു അവരുടെ തന്ത്രം. ഓപ്പറേഷന്‍ താമരയുടെ ഭാഗമായി അവര്‍ എന്നേയും ബന്ധപ്പെട്ടിരുന്നു. 30 കോടിയും കാബിനറ്റ് പദവിയുമായിരുന്നു അന്ന് അവര്‍ വാഗ്ദാനം ചെയ്തത്.””- ലക്ഷ്മി പറയുന്നു.


ആയുഷ്മാന്‍ ഭാരത് കൊണ്ട് ഒരാളെ ചികിത്സിക്കാന്‍ പോലും പറ്റില്ല, പദ്ധതി മോദിയുടെ പ്രശസ്തി കൂട്ടാനുള്ള ബി.ജെ.പിയുടെ നാടകമെന്ന് കെജ്‌രിവാള്‍


മെയ് മാസത്തില്‍ ബി.ജെ.പിയിലെ ഒരു പ്രധാനപ്പെട്ട വനിതാ നേതാവാണ് തന്നെ ബന്ധപ്പെട്ടത്. എന്നാല്‍ താന്‍ അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകയാണെന്നും പാര്‍ട്ടിയെ ചതിച്ചുകൊണ്ടുള്ള ഒന്നിനും തന്നെ കിട്ടില്ലെന്നും അവരോട് അപ്പോള്‍ തന്നെ തീര്‍ത്തുപറഞ്ഞു. താന്‍ ഹൈദരാബാദില്‍ ആയിരിക്കുമ്പോഴായിരുന്നു ഫോണ്‍ കോള്‍ വന്നത്. ഓപ്പറേഷന്‍ താമരയെ പ്രതിരോധിക്കാനായി കോണ്‍ഗ്രസ് എം.എല്‍.എമാരെ ഒന്നടങ്കം ഹൈദരാബാദിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇത്. ഇത് മാത്രമല്ല കര്‍ണാടകയില്‍ നിന്നുള്ള ഒരു കേന്ദ്രന്ത്രി എന്റെ സഹോദരിയേയും മറ്റ് ചില അടുപ്പക്കാരേയും വിളിച്ച് എന്നെ പറഞ്ഞ് മനസിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. – ലക്ഷ്മി പറയുന്നു.

എന്നാല്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ട രാഷ്ട്രീയനേതാവ് ആരാണെന്ന് വ്യക്തമാക്കാന്‍ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ തയ്യാറായില്ല. ഇക്കാര്യം കോണ്‍ഗ്രസ് പ്രദേശിലെ മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ ഇത്തരത്തില്‍ ബന്ധപ്പെട്ട നേതാവ് ആരാണെന്ന് എം.എല്‍.എ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അംഗമായ പ്രഭാകര്‍ കോള രംഗത്തെത്തി. എം.എല്‍.എയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി നേതാവ് പ്രതികരിച്ചു.