Advertisement
national news
മക്കാര്‍ ബി.ജെ.പിയില്‍'; പഞ്ചാബിലും ഗോവയിലും അപ്രതീക്ഷിത നീക്കങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 04, 03:19 am
Saturday, 4th December 2021, 8:49 am

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റ് പാര്‍ട്ടികളില്‍ നിന്നും പരമാവധി നേതാക്കളെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

കഴിഞ്ഞ ദിവസം ഗോവയിലും പഞ്ചാബിലും ബി.ജെ.പിയുടെ തന്ത്രം ഫലം കാണുകയും ചെയ്തു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി എം.എല്‍.എ ജയേഷ് സല്‍ഗണോക്കര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്നു.

ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടി നിലവില്‍ കോണ്‍ഗ്രസിനൊപ്പമാണ്. ബി.ജെ.പിക്കൊപ്പം ചേരാന്‍ നിരവധിപേര്‍ തയ്യാറാണെന്നും ജയേഷ് അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം പഞ്ചാബിലും അപ്രതീക്ഷിത നീക്കം നടന്നു.

ജലന്ധറില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സരബ്ജിത് സിംഗ് മക്കര്‍ കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും അകാലിദളിന് പ്രഹരമായി.

പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിലാണ് എസ്.എ.ഡി ജനറല്‍ സെക്രട്ടറിയായിരുന്ന മക്കാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പഞ്ചാബ്, മഹാരാഷ്ട്ര മുന്‍ ഡി.ജി.പി എസ്.എസ്.വിര്‍ക്കും ബി.ജെ.പിയില്‍ ചേര്‍ന്നു.

മറ്റൊരു മുതിര്‍ന്ന എസ്.എ.ഡി നേതാവും ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായ മഞ്ജീന്ദര്‍ സിംഗ് സിര്‍സ വ്യാഴാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: BJP  moves in Punjab, Goa