ഉന്നാവോ പീഡനം; ബി.ജെ.പി എം.എല്‍.എ സെന്‍ഗാര്‍ അറസ്റ്റില്‍
Kuldeep Singh Brar
ഉന്നാവോ പീഡനം; ബി.ജെ.പി എം.എല്‍.എ സെന്‍ഗാര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th April 2018, 7:23 am

ലഖ്‌നൗ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാദമായ ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെ ലഖ്‌നൗവിലെ വീട്ടിലെത്തിയാണ് എം.എല്‍.എയെ സി.ബി.ഐ സംഘം കസ്റ്റഡിയിലെടുത്തത്.

കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കേസില്‍ വേണ്ട നടപടിയെടുക്കാത്തത്തില്‍ സര്‍ക്കാരിനുനേരെ വിമര്‍ശനം ശക്തമായതിനെത്തുടര്‍ന്ന് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ  പേരില്‍ യു.പി പോലീസ് കേസെടുത്തിരുന്നു.


ALSO READ: ഒടുവില്‍ കുറ്റസമ്മതം; യൂ.പിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ ഇരട്ടിയായെന്ന് നിയമസഭയില്‍ യോഗി സര്‍ക്കാര്‍


ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 376, 506 വകുപ്പുകള്‍പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തത്. എന്നാല്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതി ആരോപണവിധേയനായ എം.എല്‍.എയെ എന്തുകൊണ്ട് ഇനിയും അറസ്റ്റുചെയ്തില്ലെന്ന് ചോദിച്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

കഴിഞ്ഞ ജൂണില്‍ താന്‍ ബലാത്സംഗത്തിനിരയായെന്ന് ആരോപിച്ച് ഉന്നാവോ സ്വദേശിയായ 16കാരിയാണ് പരാതി നല്‍കിയത്. നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.


ALSO READ: കശ്മീര്‍ ബലാത്സംഗം; പ്രതികള്‍ക്ക് വേണ്ടി ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണം: ലീന മണിമേഖല


ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തു.

തുടര്‍ന്ന് സര്‍ക്കാര്‍ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.