ദളിതരും ദരിദ്രരും ക്ഷേത്രങ്ങളിൽ പോകാത്തതിനാലാണ് യു.പിയില്‍ ബി.ജെ.പി തോറ്റത്; ആക്‌സിസ് മൈ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് ഗുപ്ത
national news
ദളിതരും ദരിദ്രരും ക്ഷേത്രങ്ങളിൽ പോകാത്തതിനാലാണ് യു.പിയില്‍ ബി.ജെ.പി തോറ്റത്; ആക്‌സിസ് മൈ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് ഗുപ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2024, 8:02 am

ന്യൂദല്‍ഹി: ദളിതരും പാവപ്പെട്ടവരും ക്ഷേത്രങ്ങളില്‍ പോകാത്തതിനാലാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തോറ്റതെന്ന് ആക്‌സിസ് മൈ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇന്ത്യാ ടുഡേയുടെ പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം രാമക്ഷേത്രമായിരുന്നു. എല്ലാ ചര്‍ച്ചകളും അതായിരിക്കെ ദളിതരും ദരിദ്രരും ക്ഷേത്രങ്ങളില്‍ പോകാതെ വിട്ട് നിന്നെന്നും പ്രദീപ് ഗുപ്ത പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എ 67 സീറ്റുകള്‍ നേടുമെന്നായിരുന്നു ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്. എന്നാല്‍ യഥാര്‍ത്ഥ ഫലങ്ങള്‍ വന്നപ്പോള്‍ യു.പിയില്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് 38 സീറ്റുകള്‍ മാത്രമാണ്. ദളിത് വോട്ടുകള്‍ സംസ്ഥാനത്ത് നിര്‍ണായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്താകെ എന്‍.ഡി.എ 361 മുതല്‍ 401വരെ സീറ്റുകള്‍ നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആകെ 295 സീറ്റുകള്‍ മാത്രമാണ് എന്‍.ഡി.എ നേടിയത്.

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെ ആയിരുന്നെന്നും പ്രദീപ് ഗുപ്ത പറഞ്ഞു.

അതിനിടെ, ഉത്തര്‍പ്രദേശില്‍ മികച്ച മുന്നേറ്റമാണ് ഇന്ത്യാ മുന്നണി നടത്തിയത്. 43 സീറ്റുകളാണ് യു.പിയില്‍ ഇന്ത്യാ മുന്നണി നേടിയത്. ഇതില്‍ സമാജ്‌വാദി പാര്‍ട്ടി 37 സീറ്റുകളും കോണ്‍ഗ്രസിന്റെ ആറ് സീറ്റുകളും ഉള്‍പ്പെടുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ അവഗണിച്ച് കൊണ്ട് ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധി ദളിത് വോട്ടര്‍മാരെ അകറ്റിയെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിലയിരുത്തലുകളുണ്ടായിരുന്നു.

Content Highlight: BJP lost in UP due to Dalits, poor not visiting temples, says Axis My India’s Pradeep Gupta