മീഡിയാ വണ്‍ രണ്ട് ദിവസം പൂട്ടിച്ചത് ഓര്‍മയില്ലേ എന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി; ആര്‍.എസ്.എസിനെ വിമര്‍ശിച്ചതിനല്ലേ, ഇനിയും വിമര്‍ശിക്കുമെന്ന് അവതാരകന്‍
കോഴിക്കോട്: കോടതിയില്‍ പോയി മീഡിയ വണ്‍ ചാനല്‍ പൂട്ടിയിട്ടത് ഓര്‍മയില്ലേ എന്ന് ഭീഷണിയുമായെത്തിയ ബി.ജെ.പി വക്താവ് പി.ആര്‍ ശിവശങ്കറിന് മറുപടിയുമായി അവതാരകന്‍ അഭിലാഷ് മോഹനന്‍. കോടതിയല്ലല്ലോ ആര്‍.എസ്.എസിനെ വിമര്‍ശിച്ചതിന് ബി.ജെ.പി സര്‍ക്കാരല്ലേ ചാനലിനെതിരെ നടപടിയെടുത്തതെന്നായിരുന്നു അഭിലാഷ് മോഹനന്‍ മറുപടിയായി പറഞ്ഞത്.
കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നാലംഗ സമിതിയെ നിയോഗിച്ചതില്‍ മീഡിയാ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പി.ആര്‍ ശിവശങ്കര്‍.
കോടതി നിയമം റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങിയതുകൊണ്ട് കര്‍ഷകര്‍ സമരം അവസാനിപ്പിക്കില്ല. പന്ത് സര്‍ക്കാരിന്റെ കോട്ടിലാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായിട്ട് നിലപാടെടുക്കുക എന്നതുമാത്രമാണ് ചെയ്യാനുള്ളതെന്നായിരുന്നു അവതാരകന്‍ ശിവശങ്കറിനോട് പറഞ്ഞത്.
എന്നാല്‍ സുപ്രീം കോടതി വിധി നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്ന് പറയുന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്നായിരുന്നു പി.ആര്‍ ശിവശങ്കര്‍ പറഞ്ഞത്.
അങ്ങനെയുള്ള ചര്‍ച്ചകളും വന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ് ചര്‍ച്ചയില്‍ ഉയരുന്നതെന്ന് അവതാരകന്‍ പറഞ്ഞു. എന്നാല്‍ മാച്ച് ഫിക്‌സിംഗ് ഉണ്ടെന്ന് പറഞ്ഞെന്നും ഇതിന്റെ ടേപ്പുമായി കോടതിയില്‍ പോകാമെന്നുമാണ് ശിവശങ്കറിന്റെ വാദം.
എന്നാല്‍ കോടതിയില്‍ പോകൂ എന്നായിരുന്നു അഭിലാഷ് മറുപടിയായി പറഞ്ഞത്.
”ചുമ്മാ പേടിപ്പിക്കരുത്, താങ്കള്‍ കോടതിയിലോ എവിടെ വേണമെങ്കിലും പോകൂ. ഒരു നിസ്സാരകാര്യത്തെ വളച്ചൊടിച്ച് കോടതിയില്‍ പോകുമെന്നാണ് പറയുന്നതെങ്കില്‍ നിങ്ങള്‍ പോകണം,’ അഭിലാഷ് മോഹനന്‍ പറഞ്ഞു.
എന്നാല്‍ കോടതിയില്‍ പോയെന്നും പോയപ്പോള്‍ കുറച്ച് ദിവസം ചാനല്‍ പൂട്ടിയിട്ട അനുഭവമുണ്ടായത് ഓര്‍ക്കുന്നില്ലേ എന്നുമായിരുന്നു മറുപടിയായി പി.ആര്‍ ശിവശങ്കര്‍ ചോദിച്ചത്.
ആര്‍.എസ്.എസിനെ വിമര്‍ശിച്ചതിനല്ലേ പൂട്ടിയതെന്നും ഇനിയും വിമര്‍ശിക്കുമെന്നുമായിരുന്നു അഭിലാഷിന്റെ മറുപടി.
‘എവിടെ പൂട്ടിയിട്ടു?അത് കോടതിയല്ല, നിങ്ങളുടെ സര്‍ക്കാരാണ്. ആര്‍.എസ്.എസിനെ വിമര്‍ശിച്ചതിനാണ് പൂട്ടിയത്. അതിനിപ്പോള്‍ എന്താണ്? ഞങ്ങള്‍ ഇനിയും വിമര്‍ശിക്കും. ഇനിയും പൂട്ടാം നിങ്ങളല്ലേ രാജ്യം ഭരിക്കുന്നത്,’ അഭിലാഷ് പറഞ്ഞു.
എന്നാല്‍ വീണ്ടും മാച്ച് ഫിക്‌സിംഗിനെക്കുറിച്ച് സംസാരിച്ച പി.ആര്‍ ശിവശങ്കറിനോട് കേന്ദ്രം നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ചാണ് താന്‍ ചോദിച്ചതെന്നും അഭിലാഷ് തിരുത്തി.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധക്കുന്നതില്‍ കുറച്ചൊക്കെ അടിസ്ഥാനമുണ്ടെന്നും അതുകൊണ്ടാണല്ലോ സര്‍ക്കാര്‍ ചിലതൊക്കെ എഴുതിത്തരാം എന്ന് പറഞ്ഞതെന്നും പി.ആര്‍ ശിവശങ്കര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നാലംഗ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. എന്നാല്‍ ഈ നാലംഗ സമിതിയിലുള്ളവര്‍ കാര്‍ഷിക നിയമത്തെ പരസ്യമായി പിന്തുണച്ചവരാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതേ വാദവുമായി കര്‍ഷകരും രംഗത്തെത്തിയിരുന്നു.
കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകളെ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് 48 മണിക്കൂര്‍ വിലക്കിയിരുന്നു.
മീഡിയ വണ്ണിന്റെ ദല്‍ഹി കറസ്‌പോണ്‍ണ്ടന്റ് ആയ ഹസ്‌നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചാണ് മീഡിയാ വണ്ണിന് അയച്ച നോട്ടീസില്‍ പറഞ്ഞത്. ഇരു ചാനലുകളുടെ യൂട്യൂബ് സ്ട്രീമിംഗും നിര്‍ത്തിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക