ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ആരോടും അനീതി കാണിച്ചിട്ടില്ല; നിരീശ്വരവാദികള്‍ കുറവുള്ളതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം; മുജാഹിദ് സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള
കോഴിക്കോട്: നിരീശ്വരവാദികള്‍ കുറവുള്ളതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമെന്നും 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ആരോടും അനീതി കാണിച്ചിട്ടില്ലെന്നും ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ള. കോഴിക്കോട് വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
135 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ അര ശതമാനം പോലുമില്ലാത്ത, 0.25 ശതമാനം പേരാണ് അവിശ്വാസികളും നിരീശ്വരവാദികളും എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
താത്വികമായി എതിര്‍പ്പുണ്ടാകുമ്പോഴും മതങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും വിശ്വാസവും ഉണ്ടാകണമെന്നും എല്ലാ മതങ്ങള്‍ക്കും വളരാനും വികസിക്കാനും അവസരമുണ്ടാക്കിക്കൊടുത്ത ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
”സംഘര്‍ഷമല്ല സമന്വയമാണ് ഭാരതീയ ജീവിതത്തിന്റെ കാതല്‍. നമ്മുടെ രാജ്യം മൊത്തത്തില്‍ പരിശോധിച്ചാല്‍, അവിഭക്ത ഇന്ത്യ ലോകത്ത് അറിയപ്പെട്ട എല്ലാ മതങ്ങള്‍ക്കും വളരാനും വികസിക്കാനും അവസരമുണ്ടാക്കിക്കൊടുത്ത, എന്നാല്‍ അതേസമയം ഒരിക്കല്‍ പോലും നമ്മുടെ ഏതെങ്കിലുമൊരു രാജാവ് അന്യ രാജ്യങ്ങളെ കീഴടക്കാനായി കപ്പലോട്ടം നടത്തി കടലുകടന്ന് പോയ ചരിത്രമില്ല. ആ പാപപങ്കിലതയില്ലാത്ത നാടാണ് ഇന്ത്യ.
അതിന്റെ ആത്മീയത വൈവിധ്യമുള്‍ക്കൊള്ളുന്ന അതേസമയം വൈരുധ്യമല്ലാത്ത തലങ്ങളുള്‍ക്കൊള്ളുന്നതാണ്. അതുകൊണ്ടാണ് നമുക്ക് സഹോദരങ്ങളെ പോലെ കഴിയാനാകുന്നത്. വൈകാരികമായ പ്രശ്‌നങ്ങളുണ്ടായേക്കാം. 130 കോടി ജനങ്ങള്‍ ഒന്നിച്ച് ജീവിക്കുമ്പോള്‍ അവര്‍ തമ്മില്‍ സ്വാഭാവികമായും മനുഷ്യമനസുകള്‍ വൈകൃതഭാവം രൂപംകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പ്രശ്‌നങ്ങളുണ്ടായേക്കാം.
ആ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ നമ്മുടെ രാജ്യത്തെ മതങ്ങളെല്ലാം വിശാലമായ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നുണ്ട്.
ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിമര്‍ശിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. ആര്‍.എസ്.എസിന്റെ നാഗ്പൂരിലെ കാര്യാലയം മുഹമ്മദ് യൂസുഫ് എന്ന വ്യക്തി സന്ദര്‍ശനം നടത്തി. ചര്‍ച്ചകള്‍ നീണ്ടുപോയി, അദ്ദേഹത്തിന് പ്രാര്‍ത്ഥിക്കാന്‍ സമയമായപ്പോള്‍ അവിടെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ വെച്ച് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ടാക്കിക്കൊടുത്തത് എന്തേ മറന്നുപോയി ? എന്നാണ്.
ജനാധിപത്യത്തിലും മതവിശ്വാസത്തിലും താത്വികമായി എതിര്‍പ്പുണ്ടാകുമ്പോഴും പരസ്പര സ്‌നേഹവും വിശ്വാസവുമാണ് ഇസ്‌ലാമായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും ഒരു ബഹുമത സമൂഹത്തില്‍ പുലര്‍ത്തേണ്ടത്. ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോഴും ആ നിലക്കുള്ള സമീപനമുണ്ടാകണം. അത് വെറും പൊളിറ്റിക്‌സല്ല.
ഞാന്‍ ഗവര്‍ണറാണ്, രാഷ്ട്രീയം പറയാന്‍ പാടില്ല. പക്ഷെ, 2014ലെയും 2019ലെയും തെരഞ്ഞെടുപ്പില്‍, അന്ന് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലല്ലെങ്കില്‍ പോലും അധികാരത്തില്‍ വന്ന ശേഷം വര്‍ത്തമാന ഇന്ത്യന്‍ സംവിധാനത്തില്‍ വൈകാരികമായ ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുണ്ടാവുമെങ്കിലും അടിസ്ഥാനപരമായി ആരോടെങ്കിലും അനീതി കാണിച്ച ഒരു സംഭവവും വസ്തുനിഷ്ഠമായ പഠനത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ടാവില്ല, എന്ന് കരുതുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥിയാണ് ഞാന്‍.
മാറാട് സംഭവമുള്‍പ്പെടെ ചിന്തിക്കുമ്പോള്‍, എട്ട് പേരെ കൊന്നു. കൊല്ലേണ്ടി വന്നാല്‍ മറുഭാഗത്തുള്ള നിരപരാധികളെയായിരിക്കും കൊല്ലേണ്ടി വരിക. പക്ഷെ കോഴിക്കോടുള്ള ഹിന്ദു, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് സന്മനസുണ്ടായിരുന്നത് കൊണ്ടാണ് വാസ്തവത്തില്‍ ഒരു തിരിച്ചടിയുണ്ടാകാതിരുന്നത്, പിന്നീടൊരു കലാപമുണ്ടാകാതെ നിയന്ത്രിക്കാന്‍ സാധിച്ചത്. അത് വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.
ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും ബുദ്ധിസ്റ്റായാലും നമ്മുടെ ഭാരതത്തിന്റെ ആത്മീയതയോട് പ്രതിബദ്ധത വേണം. ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട രാജ്യങ്ങളുടെയും പത്ത് കൊല്ലത്തെ സെന്‍സസ് എടുത്ത് പരിശോധിച്ചാല്‍ ആത്മീയതയും അചഞ്ചലമായ വിശ്വാസവും ഈശ്വരഭയവുമാണ് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാതിരിക്കാനുള്ള ഏറ്റവും വലിയ കാരണവും. ഞാനൊരു ക്രിമിനല്‍ അഭിഭാഷകനാണ്.
അറേബ്യന്‍ രാജ്യങ്ങളെ കുറിച്ചും വത്തിക്കാനെ കുറിച്ചും ഞാന്‍ പറയുന്നില്ല. ചൈന, യു.കെ, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ഉക്രൈന്‍ തുടങ്ങി ഒമ്പത് രാജ്യങ്ങളെ കുറിച്ച ഞാന്‍ പഠനം നടത്തി.
ഇന്ത്യയില്‍ 2011ലാണ് ഒടുവില്‍ സെന്‍സസ് നടന്നത്. 79.6 ശതമാനം ഹിന്ദുക്കള്‍, സനാതന ധര്‍മ വിശ്വാസികള്‍, 14.62 ശതമാനം മുസ്‌ലിങ്ങള്‍, 2.67 ക്രിസ്ത്യന്‍ എന്നിങ്ങനെയാണ്. അവസാനത്തെ കാറ്റഗറി Irreligious \ atheist\ unanswered എടുത്താല്‍ അത് ഇന്ത്യയിലെ ജനസംഖ്യയുടെ അര ശതമാനം പോലുമില്ല. 0.25 ശതമാനമാണ് ഇവര്‍.
ഇതാണ് 135 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടം. അത് ദൈവഭയവും ഈശ്വരവിശ്വാസവുമാണ്.
സമന്വയം വേണ്ട മേഖലയില്‍ അനാവശ്യമായി ചെറുപ്പക്കാരെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നത് ഏത് മതമായാലും അവര്‍ അടിസ്ഥാനപരമായി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം, ദൈവത്തോട് അടുക്കാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഇക്കാലഘട്ടത്തില്‍ മതങ്ങള്‍ മനുഷ്യനെ സംസ്‌കരിക്കുന്ന സംവിധാനങ്ങളായി മാറണം. ഇന്ത്യയുടെ പ്രത്യേകത 0.25 ശതമാനം പേര്‍ അവിശ്വാസികളായ, മതത്തെ നിഷേധിക്കുന്നവരായ ലോകത്തെ ഏക രാജ്യം ഇന്ത്യയാണ്. ഇസ്‌ലാമിക രാജ്യങ്ങളെ കുറിച്ചോ ക്രിസ്തീയ രാഷ്ട്രങ്ങളെ കുറിച്ചോ അല്ല ഞാന്‍ പറയുന്നത്.
ധര്‍മ, അഥവാ മതം ഇല്ലാത്ത പൊളിറ്റിക്‌സ് ഒരു മാലിന്യമാണ്, ചണ്ടിയാണ്, എന്നുപറഞ്ഞ ഗാന്ധിജിയുടെ വാക്കുകളും ഞാനിവിടെ ഓര്‍ക്കുകയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായേക്കും. അയോധ്യയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷം 1997ലും അതിന് ശേഷവും എന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ ഇപ്പോഴത്തെ മുസ്‌ലിം ലീഗിന്റെ അധ്യക്ഷന്‍ പങ്കെടുത്തിട്ടുണ്ട്. തിരിച്ച് ഞാനും. നമ്മുടെ ഈ സൗഹൃദമെല്ലാം ജനങ്ങള്‍ക്കുള്ള സന്ദേശമാണ്.
ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകേണ്ട ഐക്യത്തെ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുത്. രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും അവരുടെ രീതിയില്‍ ശ്രമിക്കാം. സംഘര്‍ഷമല്ല സമന്വയമാണ് വേണ്ടത്,” ശ്രീധരന്‍പിള്ള പറഞ്ഞു.