ഇന്നലെ പരിഹാസം, ഇന്ന് അപേക്ഷ; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഭിജിത് ബാനര്‍ജി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി നേതാവ്
national news
ഇന്നലെ പരിഹാസം, ഇന്ന് അപേക്ഷ; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഭിജിത് ബാനര്‍ജി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 4:09 pm

കൊല്‍ക്കത്ത: നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ മൂല്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് പശ്ചിമ ബംഗാളിലെ ബി.ജെ.പി പ്രസിഡന്റും എം.പിയുമായ ദിലിപ് ഘോഷ്. ബി.ജെ.പിയിലെ തന്നെ ചിലര്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ടെന്നും അഭിജിത് ബാനര്‍ജി രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും ദിലിപ് പറഞ്ഞു.

അഭിജിത് ബാനര്‍ജിക്കെതിരെ പറഞ്ഞ മറ്റു ബി.ജെ.പി നേതാക്കളില്‍ നിന്നും അകലം പാലിച്ച് ദിലിപ് ഘോഷ് പറഞ്ഞത് ആളുകള്‍ക് അദ്ദേഹത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങള്‍ ആയിരിക്കും ഉണ്ടാവുക എന്നാണ്.

അദ്ദേഹം വലിയൊരു വ്യക്തിയാണ്. വലിയൊരു നേട്ടവും ഉണ്ടാക്കിയിട്ടുണ്ട്, ആളുകള്‍ അവരുടെ അഭിപ്രാങ്ങളാണ് പറയുന്നത്. അവര്‍ക്കെല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശവുമുണ്ട്. ദിലിപ് ഘോഷ് പറഞ്ഞു.

റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അഭിജിത് ബാനര്‍ജി ഇടതുപക്ഷ ചായ്‌വുള്ളയാളാണെന്ന് പറഞ്ഞിരുന്നു. അഭിജിത് ബാനര്‍ജിയുടെ സാമ്പത്തിക പദ്ധതികളും നിര്‍ദേശങ്ങളും ഇന്ത്യക്കാരായ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞിരുന്നുവെന്നും, അദ്ദേഹം ചിന്തിക്കുന്നത് ഇവിടെ നടപ്പാക്കേണ്ടതില്ല എന്നും ഗോയല്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും സമാനമായ നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. ബാനര്‍ജിയുടെ സിദ്ധാന്തങ്ങള്‍ ഇന്ത്യയില്‍ തെളിയിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വിദേശികളായ രണ്ടാം ഭാര്യമാര്‍ ഉള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതെന്നും സിന്‍ഹയുടെ പരിഹസിച്ചിരുന്നു. രണ്ടാം ഭാര്യയായി ഒരു വിദേശിയുണ്ടാകുന്നതാണോ നൊബേല്‍ ലഭിക്കാനുള്ള ഡിഗ്രി എന്നും സിന്‍ഹ ചോദിച്ചിരുന്നു.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനെ പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം കൂട്ടത്തില്‍ ആദ്യമായി അഭിനന്ദക്കുന്ന വ്യക്തിയും താനാണെന്ന് ദിലിപ് ഘോഷ് പറഞ്ഞു.

നമ്മള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക തകര്‍ച്ച മറികടക്കുന്നതിന് മികച്ച നിര്‍ദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിയും എന്നത് എനിക്കുറപ്പാണ്. ഘോഷ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗാളിലെ ഗാന്ധി സങ്കല്‍പ് യാത്രയുടെ വേദിയില്‍ കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയും പങ്കെടുത്ത ചടങ്ങിലായിരുന്നു ഘോഷ് ഇക്കാര്യവും പറഞ്ഞത്. ഒരു സാമൂഹിക മാറ്റം എന്നതിലുപരി ബിജെപി പുതിയൊരു മാറ്റത്തിനാണ് ഈ യാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും ഘോഷ് പറഞ്ഞു.
ഒക്ടോബര്‍ 16 ന് തുടങ്ങിയ യാത്ര 10 ദിവസം കൊണ്ട് 42 ലോക്‌സഭാ മണ്ഡലങ്ങളിലും യാത്ര ചെയ്യുക എന്നതാണ്  ലക്ഷ്യം.