ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ട്വിറ്ററില്‍ അപകീര്‍ത്തിപരമായ പോസ്റ്റിട്ട ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ബി.ജെ.പി. സംസ്ഥാന പ്രവര്‍ത്തക സമതി അംഗവും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ കല്യാണരാമനെ വീട്ടില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തത്.
കല്യാണരാമന്‍ വിദ്വേഷം പരത്തുന്നതും അപകീര്‍ത്തിപരമായുള്ളതുമായ പോസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു. ധര്‍മ്മപുരിയിലെ ഡി.എം.കെ എം.പി ഡോ. സെന്തില്‍കുമാര്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയിലെ പൊലീസ് നടപടി.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിന് ശ്രമിച്ചതായും ഇത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കിയെന്നു തമിഴ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ സംസ്ഥാനമൊട്ടുക്കും കല്യാണരാമനെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ പരാതികള്‍ നല്‍കിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് അറസ്റ്റ്.
മുസ്‌ലിം- ദ്രാവിഡ പ്രസ്ഥാന വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന് കല്യാണരാമന്‍ ഇതിന് മുന്‍പും പലതവണ അറസ്റ്റിലായിട്ടുണ്ട്.