തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയില്‍ കെ. സുരേന്ദ്രനെതിരായ നീക്കം ശക്തമാകുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധനും പിന്നാലെ 24 സംസ്ഥാനനേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ട്ടിയ്ക്കുള്ളില്‍ പ്രവര്‍ത്തനം നടക്കുന്നില്ലെന്നും സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ഈ സ്ഥിതി തുടര്‍ന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടം സഹിക്കേണ്ടിവരുമെന്ന് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോയാല്‍ 70 ശതമാനം പഞ്ചായത്തുകളിലും ബി.ജെ.പി. പ്രാതിനിധ്യത്തിനുള്ള സാഹചര്യമുണ്ടെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.
‘കേന്ദ്രനേതൃത്വം ഇടപെട്ട് കെ. സുരേന്ദ്രനെ തിരുത്താന്‍ തയ്യാറാകണം. ശോഭാ സുരേന്ദ്രനെതിരേ നടത്തുന്ന സൈബര്‍ ആക്രമണത്തിനുപിന്നിലും ഗൂഢാലോചനയുണ്ട്. 30 ശതമാനം പുതിയവരെ ഉള്‍പ്പെടുത്തി ഭാരവാഹി പട്ടികയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ചപ്പോള്‍തന്നെ നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരെ ഒഴിവാക്കരുതെന്നും കെ. സുരേന്ദ്രനോട് ആര്‍.എസ്.എസ്. ആവശ്യപ്പെട്ടിരുന്നു’
എന്നാല്‍, സുരേന്ദ്രന്‍ അത് അവഗണിച്ചതായാണ് ആക്ഷേപം. അതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ബി.ജെ.പി.യുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് സംഘം അറിയിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികളില്‍ത്തന്നെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഒഴികെ ബാക്കി ആര്‍ക്കും പ്രവര്‍ത്തനമേഖല നിശ്ചയിച്ച് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രനും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ പി. എം വേലായുധനും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ പാലക്കാട് ആലത്തൂരില്‍ ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പ്രകാശിനിയും ഒ.ബി.സി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്‍ വിഷ്ണു എന്നിവര്‍ പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ ചേരുകയും ചെയ്തു.
പി.എം വേലായുധന്‍ കഴിഞ്ഞ ദിവസം മുന്‍ അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബി.ജെ.പി അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയെ അധ്യക്ഷ കാലാവധി അവസാനിക്കാനിരിക്കേയാണ് മിസോറാം ഗവര്‍ണര്‍റായി നിയമിച്ചത്. പിന്നീട് അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുരേന്ദ്രന്‍ എത്തുകയായിരുന്നു. നേരത്തെ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക