'ജനറേറ്റർ കേടായി, അപ്പോൾ യൂട്യൂബിൽ നിന്നെടുത്ത പാട്ട് മാറിപ്പോയി'; പദയാത്ര ഗാനവിവാദത്തിൽ ബി.ജെ.പി ഐ.ടി സെൽ
Kerala News
'ജനറേറ്റർ കേടായി, അപ്പോൾ യൂട്യൂബിൽ നിന്നെടുത്ത പാട്ട് മാറിപ്പോയി'; പദയാത്ര ഗാനവിവാദത്തിൽ ബി.ജെ.പി ഐ.ടി സെൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd February 2024, 4:05 pm

കോഴിക്കോട്: കെ. സുരേന്ദ്രന്റെ പദയാത്രയിൽ കേന്ദ്രഭരണത്തെ വിമർശിച്ച ഗാനത്തിൽ വിചിത്രമായ വിശദീകരണവുമായി ബി.ജെ.പി മലപ്പുറം ഐ.ടി വിഭാഗം.

ലൈവ് നൽകുവാനായി തയ്യാറാക്കിയ വാഹനത്തിലെ ജനറേറ്റർ കേടായെന്നും തുടർന്ന് യൂട്യൂബിൽ നിന്ന് ഗാനം എടുത്തപ്പോൾ മാറിപ്പോയതാണെന്നുമാണ് വിശദീകരണം.

ബി.ജെ.പി കേരളയുടെ യൂട്യൂബ് ചാനലിൽ നിന്നാണ് ഗാനം എടുത്തത്. യു.പി.എ സർക്കാർ കേന്ദ്രം ഭരിക്കവേ ബി.ജെ.പി പ്രതിപക്ഷത്തിരുന്നപ്പോൾ തയ്യാറാക്കിയതാണ് ഈ ഗാനമെന്നും മലപ്പുറം സാമൂഹ്യ മാധ്യമ ടീം പറയുന്നു.

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ, താമരക്ക് കൊടി പിടിക്കൂ മക്കളേ’ എന്നിങ്ങനെയാണ് ഗാനത്തിലെ വരികൾ.

എന്നാൽ ഈ വിശദീകരണത്തിൽ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല. 2014ന് ശേഷമാണ് ബി.ജെ.പി കേരളം എന്ന ഔദ്യോഗിക യൂട്യൂബ് ചാനൽ ആരംഭിച്ചത്. മാത്രമല്ല, ഐ.ടി ടീം പറയുന്നപോലെ ഒരു ഗാനം യൂട്യൂബിലില്ല എന്നും പിശക് സംഭവിച്ചത് മനപൂർവമാണെന്നും സംസ്ഥാന നേതൃത്വം ആരോപിച്ചു.

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഐ.ടി സെൽ കൺവീനറായ എസ്. ജയശങ്കറും തമ്മിലുള്ള തർക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. സുരേന്ദ്രൻ ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങൾ ഐ.ടി സെൽ കൺവീനർ ഏറ്റെടുക്കാറില്ലെന്ന് ആരോപിച്ച് ജയശങ്കറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇതിന് മുമ്പും ആരോപണമുയർന്നിരുന്നു.

എന്നാൽ എസ്. ജയശങ്കർ കേന്ദ്രവുമായി അടുത്ത ബന്ധമുള്ളയാളാണ്.

അതേസമയം ഐ.ടി ടീമിന്റെ വിശദീകരണം കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2014ൽ യു.പി.എ സർക്കാരിനെതിരെ തയ്യാറാക്കിയ ഗാനമാണിതെന്നും പ്ലേ ചെയ്തപ്പോൾ മാറിപ്പോയതാണെന്നും പ്രകാശ് ജാവദേക്കർ എക്‌സിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

വിഷയത്തിൽ നടപടിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പദയാത്ര പകരക്കാരെ ഏൽപ്പിച്ച് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അടിയന്തരയോഗത്തിനായി ദൽഹിയിലേക്ക് പോയിരിക്കുകയാണ് സുരേന്ദ്രൻ. ഗാനവിവാദത്തിൽ നടപടിയെടുക്കാത്തത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി കേന്ദ്രത്തെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: BJP IT cell says Song was changed after playing in youtube because Generator went off