ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോഴും രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവിച്ച ഗുരുതര ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കുന്ന മൗനത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. രാജ്യ സുരക്ഷയെക്കുറിച്ച് ബി.ജെ.പിക്ക് യാതൊരു താല്‍പര്യവുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘വോട്ട് സുരക്ഷിതമാക്കുന്നതില്‍ മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ശ്രദ്ധ. രാജ്യ സുരക്ഷ അവരെ ബാധിക്കുന്നേയില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷവും പട്ടാളക്കാരുടെ രാജ്യ സമര്‍പ്പണവും ആത്മത്യാഗവും വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്തും പോസ്റ്ററുകള്‍ പതിപ്പിച്ചും വോട്ടാക്കി മാറ്റാനാണ് അവര്‍ ശ്രമിച്ചത്’, ഷെര്‍ഗില്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തെയും ഇത്തരത്തില്‍ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ബി.ജെ.പി സര്‍ക്കാരും പ്രധാനമന്ത്രിയും അവരുടെ പരസ്യങ്ങള്‍ക്കുവേണ്ടി 4,500 കോടി രൂപയും പ്രധാനമന്ത്രിയുടെ ദിവസവുമുള്ള എസ്.പി.ജി സുരക്ഷയ്ക്കുവേണ്ടി 1.5 കോടിയും ചെലവഴിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മാത്രം അവര്‍ തയ്യാറാകാത്തത്?’, ഷെര്‍ഗില്‍ ചോദിച്ചു.