കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം ആര്‍.എസ്.എസിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് പറയുമ്പോഴും പ്രതികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ ബി.ജെ.പി തലശ്ശേരിയില്‍
പ്രതിഷേധ പ്രകടനം നടത്തി. വന്‍ പൊലീസ് സുരക്ഷയോടെയായിരുന്നു ബി.ജെ.പിയുടെ പ്രകടനം. വടക്കന്‍ രാമകൃഷ്ണന്‍ മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം തലശ്ശേരി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ലിജേഷിന്റെ ജനപ്രീതിയില്‍ ഇഷ്ടപ്പെടാത്ത സി.പി.ഐ.എം നേതാക്കള്‍ അദ്ദേഹത്തെ കള്ളക്കേസില്‍ പ്രതിയാക്കി ജയിലിലടയ്ക്കുകയാണെന്നാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആരോപിച്ചു.
ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
അതേസമയം, ഹരിദാസനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഇതുവരെ ഹരിദാസന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴാണ് ഇത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിരിക്കുന്നത്. പൊലീസ് പുറത്തുവിട്ട പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നാല് പേരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ ബി.ജെ.പി ആര്‍.എസ്.എസ് സജീവപ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു. ഇതില്‍ ഒരാള്‍ ബി.ജെ.പിയുടെ വാര്‍ഡ് കൗണ്‍സിലറും മണ്ഡലം പ്രസിഡന്റുമാണ്. പിടിയിലായ മറ്റുള്ളവര്‍ ആര്‍.എസ്.എസ് ശാഖാ പ്രമുഖുമാരാണ്.