ന്യൂദല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും മഹാരാഷ്ട്രയെ പോലെ സമയം അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പ്രതിപക്ഷം കേന്ദ്രത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതിന് പിന്നാലെയാണ് അമിത്ഷായുടെ പ്രതികരണം.
ശിവസേന- ബി.ജെ.പി സഖ്യത്തിന് വിള്ളല്‍ വീണതിന് കാരണക്കാര്‍ ശിവസേനയാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയാവുകയെന്ന് ബി.ജെ.പി പറഞ്ഞിരുന്നെന്നും ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് ആരോപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേനക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നെന്നാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ആരോപിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.
‘തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രിയും ഞാനും പല തവണ ആവര്‍ത്തിച്ചത് ഞങ്ങളുടെ സഖ്യം വിജയിക്കുകയാണെങ്കില്‍ ദേവേന്ദ്ര ഫഡ്‌നാവിസായിരുക്കും മുഖ്യമന്ത്രിയാവുകയെന്നതാണ്. അതിനെ ആരും എതിര്‍ത്തിരുന്നില്ല. ഇപ്പോള്‍ അവര്‍ പുതിയ ആവശ്യവുമായി വന്നിരിക്കുകയാണ്. അതിനെ അംഗീകരിക്കാന്‍ കഴിയില്ല’; അമിത് ഷാ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു സംസ്ഥാനത്തിനും ഇത്രയും കാലയളവ് നല്‍കാറില്ലെന്നും 18 ദിവസം അനുവദിച്ചുകൊടുത്തുവെന്നും അമിത്ഷാ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇന്നലെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ബി.ജെ.പിയേയും ശിവസേനയേയും എന്‍.സി.പിയേയും ക്ഷണിച്ചിരുന്നു. ബി.ജെ.പിയെയായിരുന്നു ആദ്യം ക്ഷണിച്ചത്. എന്നാല്‍ ബി.ജെ.പി ക്ഷണം നിരസിച്ചതിനു പിന്നാലെ ശിവസേനയെ ക്ഷണിക്കുകയും കൂടുതല്‍ സമയം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ തള്ളി. മൂന്നാമതായി ഗവര്‍ണര്‍ എന്‍.സി.പിയെ ക്ഷണിക്കുകയായിരുന്നു. എന്‍.സി.പിക്ക് രാത്രി 8.30 വരെയാണ് സമയം നല്‍കിയിരുന്നത്. എന്നാല്‍ അതിന് മുന്നേ തന്നെ ഉച്ചയോടെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.