ഭുവനേശ്വര്‍: പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയിലെ ക്രമക്കേടുകളില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒഡീഷ സര്‍ക്കാര്‍. ഈ പദ്ധതിക്ക് കീഴിലുള്ള സംസ്ഥാനത്തെ നിരവധി കര്‍ഷകര്‍ക്ക് അര്‍ഹമായ ഇന്‍ഷുറന്‍സ് തുക ലഭിച്ചിട്ടില്ലെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു.
ബാര്‍ഗര്‍, സമ്പല്‍പൂര്‍, സോനാപ്പൂര്‍, ദിയോഗര്‍, ബോലാന്‍ഗീര്‍, നുവാപടാ, കലാഹണ്ടി എന്നീ ജില്ലകളിലെ ലക്ഷക്കണക്കിന് കര്‍ഷകരാണ് പ്രധാനമന്ത്രി ആവാസ് യോജന മൂലം ദുരിതത്തിലായിരിക്കുന്നതെന്ന് ബി.ജെ.ഡി വക്താവും രാജ്യസഭ എം.പിയുമായ സസ്മിത് പത്ര പറഞ്ഞു.
2020ല്‍ 6163.28 കോടി രൂപയോളമാണ് കര്‍ഷകര്‍ പ്രീമിയമായി അടച്ചതെന്നും എന്നാല്‍ കമ്പനികള്‍ ഇന്‍ഷുറന്‍സായി വിതരണം ചെയ്തത് 5098.64 കോടി മാത്രമാണെന്നും സസ്മിത് പത്ര പറഞ്ഞു. ഇതിലൂടെ 1064.64 കോടി രൂപയുടെ ലാഭമാണ് ഇന്‍ഷുറന്‍സ് കമ്പനികളുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 മുതല്‍ 2020 വരെ 2090 കോടിയുടെ ഇന്‍ഷുറന്‍സിന് വേണ്ടി ഒഡീഷയിലെ കര്‍ഷകര്‍ ക്ലെയിം ചെയ്തെങ്കിലും പകുതി പോലും കമ്പനികള്‍ അനുവദിച്ചില്ലെന്നും ആകെ 1026 കോടി മാത്രമാണ് അവര്‍ വിതരണം ചെയ്തതെന്നും സസ്മിത പത്ര പറഞ്ഞു. പ്രധാനമന്ത്രി ഫസല്‍ യോജനയിലെ ചട്ടങ്ങള്‍ തങ്ങളുടേതായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ കര്‍ഷകരെ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 1.26 ലക്ഷം കോടി രൂപയാണ് വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുകയായി കമ്പനികളിലെത്തിയത്. എന്നാല്‍ 87,320 കോടി തുക മാത്രമാണ് ഇന്‍ഷുറന്‍സായി കര്‍ഷകര്‍ക്ക് ലഭിച്ചത്.
പി.എം.എഫ്.ബി.വൈയുടെ മറവില്‍ കമ്പനികള്‍ 40,000 കോടിയുടെ ലാഭമുണ്ടാക്കിയെന്നും സസ്മിത് പത്ര പറഞ്ഞു. ഈ പ്രശ്നത്തില്‍ കേന്ദ്രം ഉടന്‍ തന്നെ ഇടപെടണമെന്നും പി.എം.എഫ്.ബി.വൈയെ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കീഴിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രകൃതിക്ഷോഭം, കീടാക്രമണം, മഴയില്ലായ്മ, വരള്‍ച്ച തുടങ്ങിയവ മൂലം വിളകള്‍ക്ക് നാശം സംഭവിക്കുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു 2016ല്‍ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന (പി.എം.എഫ്.ബി.വൈ) പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പദ്ധതിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.