എല്‍. 360; വിന്റേജ് മോഹന്‍ലാലല്ല, നമ്മള്‍ ആഗ്രഹിച്ച ലാലേട്ടനെ കാണാം; ഈ സിനിമ മടുപ്പിക്കില്ല: ബിനു പപ്പു
Entertainment
എല്‍. 360; വിന്റേജ് മോഹന്‍ലാലല്ല, നമ്മള്‍ ആഗ്രഹിച്ച ലാലേട്ടനെ കാണാം; ഈ സിനിമ മടുപ്പിക്കില്ല: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th August 2024, 12:37 pm

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് എല്‍. 360. മോഹന്‍ലാല്‍ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മോഹന്‍ലാല്‍ 360 സിനിമകള്‍ പൂര്‍ത്തിയാക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ആദ്യമായി ഒന്നിക്കുന്നു സിനിമയാണ് ഇത്.

20 വര്‍ഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നുവെന്നതും പ്രേക്ഷകര്‍ക്ക് ചിത്രത്തിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. നടന്‍ ബിനു പപ്പുവും എല്‍ 360ന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് ബിനു. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഇനി ഒരു ഷെഡ്യൂള് കൂടെയുണ്ട്. പത്തോ പതിനെട്ടോ ദിവസം മാത്രമേ അത് ഷൂട്ട് ചെയ്യാന്‍ ഉണ്ടാകുകയുള്ളൂ. അത് പെന്‍ഡിങ്ങായതാണ്. പിന്നെ എഡിറ്റ് വര്‍ക്ക് നടക്കുന്നുണ്ട്. ഡബ്ബിങ് തുടങ്ങാനിരിക്കുകയാണ്. ഇത് ഓള്‍റെഡി ലൂപ്പില്‍ ഉണ്ടായ കഥയാണ്. അതിനകത്ത് തരുണ്‍ കുറച്ച് പണിയെടുത്തിട്ടുണ്ട്.

പിന്നെ പ്രൊജക്റ്റ് പെട്ടെന്ന് ഓപ്പണായി. അടുത്ത വര്‍ഷമാകും ഷൂട്ട് തുടങ്ങുക എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. തരുണ്‍ പെട്ടെന്ന് ഒരു ദിവസം രാവിലെ എന്നെ വിളിച്ചു. ഏപ്രില്‍ 22ന് ഷൂട്ടിങ് തുടങ്ങുമെന്ന് പറഞ്ഞു. നിനക്ക് എന്നാല്‍ പിന്നെ 21ാം തീയതി വിളിച്ചാല്‍ പോരായിരുന്നോ എന്നാണ് ഞാന്‍ ചോദിച്ചത്.

രണ്ടാഴ്ച മുമ്പാണ് എന്നെ വിളിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ സിനിമയുടെ ഷൂട്ടിങ്ങൊക്കെ തുടങ്ങുന്നത്. നല്ലൊരു സിനിമയാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സിനിമയിലൂടെ കുറച്ച് കാലമായി നമ്മള്‍ ആഗ്രഹിച്ച് ലാലേട്ടനെ കാണാന്‍ സാധിക്കും. വിന്റേജ് മോഹന്‍ലാലിനെയല്ല. പകരം മോഹന്‍ലാലിന്റെ നല്ലൊരു കഥാപാത്രത്തെ നമുക്ക് കാണാന്‍ പറ്റും.

ഒരു തരത്തിലും ഈ സിനിമ നമ്മളെ മടുപ്പിക്കില്ല. അത്രയും നല്ല രീതിയിലാണ് നമ്മള്‍ ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്. ലാലേട്ടന്റെ നല്ലൊരു സിനിമ കൊണ്ടുവരണം എന്നുള്ള ആഗ്രഹുമുണ്ട്. എല്ലാവരും അങ്ങനെ തന്നെയാണ് അദ്ദേഹത്തിന് വേണ്ടിയുള്ള സിനിമ ചെയ്യുന്നത്.

പക്ഷെ എവിടെയോ പാളിപോകുന്നതാണ്. പക്ഷെ നമ്മള്‍ പാളിപോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളുമെടുക്കുന്നുണ്ട്. നല്ലൊരു സിനിമ തന്നെയാകും ഇത്. ബാക്കി ഞാന്‍ കൊന്നാലും പറയില്ല. എനിക്ക് തിരിച്ച് അങ്ങോട്ട് തന്നെ പോകണ്ടേ. ഇനിയും ഒരു പത്ത് – ഇരുപത്തിയഞ്ച് ദിവസത്തെ ഷൂട്ട് ബാക്കി കിടപ്പുണ്ട്,’ ബിനു പപ്പു പറഞ്ഞു.


Content Highlight: Binu Pappu Talks About Tharun Moorthy And L360 Movie