സൗദി വെള്ളക്ക ഡബ്ബ് ചെയ്യാന്‍ താന്‍ 12 തവണ പോകേണ്ടി വന്നെന്ന് നടന്‍ ബിനു പപ്പു. തല്ലുമാലയുടെ ഡബ്ബിങ്ങിനായി എട്ട് തവണ പോകേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ‘നല്ല നിലാവുള്ള രാത്രി’ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഷൂട്ടിങ് സമയത്ത് സംസാരിക്കുന്ന പോലെയല്ല ഡബ്ബിങ് സമയത്ത്. ഡബ്ബ് ചെയ്യുമ്പോള്‍ ചില ക്ലാരിറ്റി അവിടെ വരുത്തണം. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തിന് അനുസരിച്ച് എഫര്‍ട്ട് എടുക്കേണ്ടി വരും. നമ്മള്‍ അഭിനയിച്ചത് പൂര്‍ണമാകുന്നത് ഡബ്ബ് ചെയ്യുമ്പോഴാണ്. അഭിനയത്തില്‍ കുറഞ്ഞുപോയ ഇമോഷന്‍സ് ശബ്ദത്തിലൂടെ എത്തിക്കാന്‍ കഴിയും. ഇന്നസെന്റ് ചേട്ടനൊക്കെ അതില്‍ മുന്‍പന്തിയിലാണ്. ഡബ്ബിങ് നടക്കുന്നത് ഘട്ടം ഘട്ടമായിട്ടാണ്,’ അദ്ദേഹം പറഞ്ഞു.
സൗദി വെള്ളക്ക എന്ന ചിത്രത്തിനായി താന്‍ 12 തവണയും, തല്ലുമാലക്കായി എട്ട് തവണയും ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിന്റെ മികവിന് വേണ്ടിയാണ്, ഡബ്ബിങ്ങില്‍ ഉഴപ്പുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തല്ലുമാല ഞാന്‍ എട്ട് തവണ ഡബ്ബ് ചെയ്തു. സൗദി വെള്ളക്ക 12 തവണയും, അതില്‍ എനിക്ക് ആ നാടിന്റെ സംസാര ശൈലി കൂടി ശ്രദ്ധിക്കണമായിരുന്നു. കഥാപാത്രത്തെ നന്നാക്കണം എന്ന് മാത്രമാണ്. അല്ലാതെ, ഡബ്ബിങ്ങില്‍ ഉഴപ്പുന്നതല്ല,’ അദ്ദേഹം പറഞ്ഞു.
മുര്‍ഫി ദേവസ്സി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘നല്ല നിലാവുള്ള രാത്രി’യാണ് ബിനു പപ്പുവിന്റെ റിലീസിനൊരുങ്ങുന്ന സിനിമ. ചെമ്പന്‍ വിനോദ്, ഗണപതി, റോണി ഡേവിഡ്, ജിനു ജോസഫ്, ബാബുരാജ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.