തിരുവനന്തപുരം: സംഘടനയുടെ പാരമ്പര്യവും ആശയവുമറിയാത്ത പുതുമുഖങ്ങളാണ് എസ്.എഫ്.ഐയുടെ പ്രശ്നമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകാധിപത്യത്തിന്റെ രാഷ്ട്രീയം ഇടതുമുന്നണിയുടേതല്ലെന്നും ക്യാമ്പസുകളിലെ ആശയ തർക്കങ്ങൾ സംവാദപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഏകാധിപത്യത്തിന്റെ രാഷ്ട്രീയം ലെഫ്റ്റിന്റേതല്ല. നിർഭാഗ്യവശാൽ എസ്.എഫ്.ഐയുടെ പാരമ്പര്യം, എസ്.എഫ്.ഐയുടെ ആശയങ്ങൾ, എസ്.എഫ്.ഐയുടെ സംസ്കാരം എന്നിവ അറിയാതെ പോയ കുറേയാളുകൾ ഇപ്പോൾ എസ്.എഫ്.ഐയിൽ ഉണ്ടായിട്ടുണ്ട്,’ ബിനോയ് വിശ്വം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കേരള സർവകലാശാല കലോത്സവം നിർത്തിവെക്കുന്നതിലേക്ക് നയിച്ച സംഘർഷങ്ങളിൽ എസ്.എഫ്.ഐക്കെതിരെ ബിനോയ് വിശ്വം രംഗത്ത് വന്നിരുന്നു.
എസ്.എഫ്.ഐയുടെ രാഷ്ട്രീയത്തിന് നിരക്കാത്തതാണ് നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
‘ മഹത്തായ ലക്ഷ്യങ്ങളുള്ള, മഹത്തായ ആദർശങ്ങൾ മുറുകെ പിടിക്കേണ്ട, മഹത്തായ സർഗ്ഗശേഷിയുടെ കൂടെ നിൽക്കേണ്ട ഒരു സംഘടനയാണ്. എന്നാൽ ചില പ്രവർത്തനങ്ങൾ എസ്.എഫ്.ഐയുടെ രാഷ്ട്രീയത്തിനും പാരമ്പര്യത്തിനും നിരക്കാത്തതാണ്,’ അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ട ഷാജിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു.
കേരള സർവകലാശാല കലോത്സവത്തിൽ മാർഗംകളിയുടെ ഫലം അട്ടിമറിക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഷാജി ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.എസ്.യു ഭരിക്കുന്ന മാർ ഇവാനിയോസ് കോളേജിന് ഒന്നാം സ്ഥാനം ലഭിക്കാതിരിക്കാൻ എസ്.എഫ്.ഐ കൈക്കൂലി നൽകിയെന്നായിരുന്നു ആരോപണം.
സംഭവത്തിൽ ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ വീട്ടിൽ ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും ആരോപിച്ച് ഷാജി എഴുതിയ ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു.