പെണ്‍കുട്ടിയുമായി ബൈക്കില്‍ യാത്ര ചെയ്തു; യുവാവിനെ ലവ് ജിഹാദ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച് പൊലീസ്
Kerala News
പെണ്‍കുട്ടിയുമായി ബൈക്കില്‍ യാത്ര ചെയ്തു; യുവാവിനെ ലവ് ജിഹാദ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2024, 3:18 pm

കാസര്‍ഗോഡ്: ഹിന്ദു പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്ത മുസ്‌ലിം യുവാവിനെ ലവ് ജിഹാദ് കേസില്‍ കുടുക്കിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെ വെറുതെ വിടാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് സ്വമേധയാ കേസെടുത്തതായാണ് റിപ്പോര്‍ട്ട്.

യുവതിക്ക് പരാതി ഇല്ലാതിരുന്നിട്ടും പൊലീസ് സ്വമേധയാ ഇടപെട്ട് 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന് കേസ് കൊടുപ്പിക്കുകയുമായിരുന്നു. ലക്ഷദ്വീപ് സ്വദേശിയായ സയ്യിദ് ഹിബാന്‍ മുഹമ്മദിനെയാണ് പൊലീസ് കുടുക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് എതിര്‍ത്തുവെങ്കിലും കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സെഷന്‍സ് കോടതി ജഡ്ജി സാനു.പി. പണിക്കര്‍ ഹിബാന്‍ മുഹമ്മദിന് ജാമ്യം നല്‍കി.

കഴിഞ്ഞ സെപ്റ്റംബര്‍ 13ന് രാത്രിയാണ് കേസിനാസ്പദമായി സംഭവം നടന്നത്. കാസര്‍ഗോഡ് ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് യുവാവ്. അതേ ആശുപത്രിയില്‍ നേഴ്‌സിങ് ട്രെയിനിയാണ് പെണ്‍കുട്ടി.

ഇരുവരും ഒരുമിച്ച് രാത്രി ബൈക്കില്‍ പോയതിനെ തുടര്‍ന്ന് കാസര്‍ഗോഡ് വനിതാ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ആശുപത്രിയിലെ ഓണാഘോഷത്തിന് ശേഷം രാത്രിയില്‍ ജീവനക്കാര്‍ പിരിഞ്ഞുപോയതിന് പിന്നാലെ ഡ്യൂട്ടിയിലുള്ള മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് പെണ്‍കുട്ടി കാസര്‍ഗോഡ് നഗരം ചുറ്റിക്കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

പിന്നാലെ രാത്രി 12.45ന് യുവാവിനൊപ്പം ബൈക്കില്‍ നഗരം കാണാന്‍ പുറപ്പെട്ടു. ഇടയ്ക്ക് മഴ പെയ്തതിനാല്‍ കടവരാന്തയില്‍ കയറി നിന്ന ഇരുവരും തിരിച്ച് ആശുപത്രിയില്‍ തിരിച്ചെത്തിയത് 2.45നാണ്.

തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അധികൃതര്‍ ഇരുവരെയും ശാസിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു.

എന്നാല്‍ ആശുപത്രിയിലെ ചിലര്‍ വിഷയം ചര്‍ച്ചയാക്കുകയും പുറത്തുനിന്നുള്ള സംഘടനകളുള്‍പ്പെടെ ഇടപെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് യുവാവിനെതിരെ പരാതി നല്‍കാന്‍ പലരും സമ്മര്‍ദം ചെലുത്തിയെങ്കിലും ഇവര്‍ പരാതി നല്‍കിയിരുന്നില്ല.

എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് പൊലീസിനോട് രഹസ്യമായി അന്വേഷിക്കാനും ഇരു മതത്തില്‍ പെട്ടവരായതിനാല്‍ വര്‍ഗീയപരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയുള്ളതിനാലാണിതെന്നും സൂചിപ്പിച്ചു.

പിന്നാലെ പൊലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തു. പരാതിയില്ലെന്ന് പെണ്‍കുട്ടിയും അമ്മയും പറഞ്ഞിട്ടും പൊലീസ് കേസെടുക്കുകയും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.

പരാതി നല്‍കാത്തതിനാല്‍ സെപ്റ്റംബര്‍ 20ന് പൊലീസ് സ്വമേധയാ കേസെടുത്തു. 17 വയസ് മാത്രമുള്ള പെണ്‍കുട്ടിയെ കൊണ്ടുപോയത് ദുരുപയോഗം ചെയ്യാനാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ കുറിക്കുകയും ചെയ്തു.

പിന്നാലെ യുവാവ് അഭിഭാഷകനായ സാദിദ് കമ്മാടം മുഖേന ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. യുവാവിന് ജാമ്യം നല്‍കിയാല്‍ സാമുദായിക സംഘര്‍ഷം ഉണ്ടാവുമെന്നായിരുന്നു പൊലീസിന്റെ വാദം. കേസില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡിസംബര്‍ മൂന്നിലേക്ക് കേസ് മാറ്റിവെച്ചു.

പിന്നീട് കേസ് പരിഗണിച്ചതോടെ തങ്ങള്‍ക്ക് പരാതിയില്ലെന്ന് പെണ്‍കുട്ടിയും അമ്മയും ആവര്‍ത്തിക്കുകയും ചെയതു. പിന്നാലെ കോടതി യുവാവിന് ജാമ്യം അനുവദിച്ചു. യുവാവ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും എവിടെയെങ്കിലും കൊണ്ടുപോകുന്നത് കുറ്റമല്ലെന്നും ചൂണ്ടിക്കാട്ടി.

യുവാവിനെ ചോദ്യം ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും രണ്ട് ദിവസങ്ങളിലായി വൈകിട്ട് ആറ് മണിക്കുള്ളില്‍ ഓരോ മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കി.

എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവാവും തങ്ങളയെും യുവാവിനെയും ഇനി പൊലീസ് ബുദ്ധിമുട്ടിപ്പിക്കില്ലെന്ന് കരുതുന്നതായി പെണ്‍കുട്ടിയുടെ അമ്മയും പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Biked with the girl; The police tried to trap the young man in the love jihad case