എണ്ണിയത് 25 ശതമാനം വോട്ട് മാത്രം; ഫലപ്രഖ്യാപനത്തിന് ഇനിയും മണിക്കൂറുകള്‍; വോട്ടെണ്ണല്‍ വൈകുന്നതിന്റെ കാരണങ്ങള്‍
Bihar Election 2020
എണ്ണിയത് 25 ശതമാനം വോട്ട് മാത്രം; ഫലപ്രഖ്യാപനത്തിന് ഇനിയും മണിക്കൂറുകള്‍; വോട്ടെണ്ണല്‍ വൈകുന്നതിന്റെ കാരണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th November 2020, 3:32 pm

പാട്‌ന: കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ബീഹാറില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നിലവിലെ ലീഡ് നില അടിസ്ഥാനപ്പെടുത്തി ഒരു പാര്‍ട്ടിയുടേയും വിജയം ഉറപ്പിക്കാനാവില്ല.

കാരണം വോട്ടെണ്ണല്‍ ആരംഭിച്ച് ആറ് മണിക്കൂറുകള്‍ പിന്നിടുമ്പോഴും 25 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിയത്. അതുകൊണ്ട് തന്നെ നിലവിലെ കണക്കുകള്‍ പ്രകാരം ഒരു കക്ഷിക്കും ഭൂരിപക്ഷം പ്രവചിക്കാന്‍ സാധിക്കില്ല. പല അട്ടിമറികള്‍ക്കും ബീഹാര്‍ സാക്ഷ്യം വഹിച്ചേക്കാമെന്നാണ് നിലവിലെ ട്രെന്റുകള്‍ സൂചിപ്പിക്കുന്നത്.

ബീഹാറില്‍ വിജയമുറപ്പിച്ച തരത്തില്‍ ജെ.ഡി.യു ക്യാമ്പുകളില്‍ നിന്ന് ചില പ്രതികരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ കോടിക്കണക്കിന് വോട്ടുകള്‍ എണ്ണാനിരിക്കെ എന്‍.ഡി.എയുടെ ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത.

കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഒരു ബൂത്തില്‍ 1,000 വോട്ടര്‍മാരെ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

65,000 ബൂത്തുകള്‍ക്ക് പകരം ഇത്തവണ 1.06 ലക്ഷം ബൂത്തുകളാണ് ഒരുക്കിയത്. അതുകൊണ്ട് തന്നെ 1.06 ലക്ഷം ഇ.വി.എമ്മുകളാണ് കൗണ്ട് ചെയ്യാനുള്ളത്.

38 സ്ഥലങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. മുന്‍പ് 25-26 റൗണ്ട് മാത്രമുണ്ടായിരുന്ന വോട്ടെണ്ണല്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം 35 റൗണ്ടുകളായി ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വോട്ടെണ്ണല്‍ അര്‍ധരാത്രിയോളം നീളും. 4.10 കോടി വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ 92 ലക്ഷം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല 243 അംഗ ബീഹാര്‍ നിയമസഭയിലെ 41 മണ്ഡലങ്ങളിലെ നിലവിലെ ലീഡ് 1000 വോട്ടുകളില്‍ താഴെ മാത്രമാണ്. നാലിലൊന്ന് മണ്ഡലങ്ങളിലേയും വോട്ട് വ്യത്യാസം ആയിരത്തില്‍ താഴെ മാത്രമാണ്. ഇവിടെ ലീഡുകള്‍ ഏത് നിമിഷവും മാറിമറിയാം.

നിലവില്‍ സംസ്ഥാനത്ത് ലീഡ് നിലനിര്‍ത്തുന്നത് എന്‍.ഡി.എ ആണെങ്കില്‍ പോലും ബീഹാറില്‍ എന്‍.ഡി.എയ്ക്ക് അധികാരമുറപ്പിക്കാനുള്ള സമയം ആയിട്ടില്ലെന്നും ഏത് നിമിഷവും ലീഡുകളില്‍ വ്യത്യാസം വന്നേക്കാമെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചില മണ്ഡലങ്ങളില്‍ 15 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞത്.

നിലവില്‍ 73 സീറ്റില്‍ ബി.ജെ.പിയും 66 സീറ്റില്‍ ആര്‍.ജെ.ഡിയും മുന്നിട്ടു നില്‍ക്കുന്നുണ്ട്. 7 സീറ്റുകളുടെ വ്യത്യാസം മാത്രമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഉള്ളത്. ഇതൊരു വലിയ വ്യത്യാസമല്ലെന്നും കാര്യങ്ങള്‍ ഏത് നിമിഷവും മാറി മറയുമെന്നുമാണ് പാര്‍ട്ടി നേതാക്കളും സൂചിപ്പിക്കുന്നത്.

നിലവില്‍ 135 ന് മുകളില്‍ എന്‍.ഡി.എയ്ക്ക് ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ അധികാരം ഉറപ്പിച്ചുവെന്ന് അവര്‍ക്ക് പറയാന്‍ സാധിക്കുയുള്ളൂ. എന്നാല്‍ കഴിഞ്ഞ ഒരു മണിക്കൂറിനിടെ ബി.ജെ.പിയുടെ ലീഡ് താഴ്ന്നിട്ടുണ്ട്. എന്നാല്‍ ഈ സമയം ആര്‍.ജെ.ഡി മുന്നിലേക്ക് വരികയും ജെ.ഡി.യു പിറകോട്ട് പോകുന്ന കാഴ്ചയും കാണാനാവുന്നുണ്ട്.

സംസ്ഥാനത്ത് 49 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ജെ.ഡി.യു ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസാകട്ടെ 21 സീറ്റുകളിലെ ലീഡില്‍ ഒരുങ്ങിയപ്പോള്‍ 19 സീറ്റുകളില്‍ ഇടതുസഖ്യം മുന്നേറുന്നുണ്ട്. ബി.എസ്.പി 2 സീറ്റിലും എല്‍.ജെ.പി 2 സീറ്റുകളിലുമായി ഇവിടെ ഒതുങ്ങിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Election Counting delay