വാഷിംഗ്ടണ്‍: ഇസ്രാഈലിലേക്ക് റോക്കറ്റാക്രമണം നടത്തരുതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ഇരു നേതാക്കളും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു ബൈഡന്റെ ആവശ്യം.
ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയിലെ പൗരന്‍മാരുടെ സ്ഥിതി ആശങ്കയുണ്ടാക്കുന്നുവെന്നും ഫലസ്തീന്‍ പൗരന്‍മാരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും ബൈഡന്‍ പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഇസ്രൗഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായും ബൈഡന്‍ ചര്‍ച്ച നടത്തിയിരുന്നു. ഹമാസില്‍ നിന്നുള്ള ആക്രമണത്തെ ചെറുക്കാന്‍ ഇസ്രാഈലിന് പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും ഗാസയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ഇസ്രൗഈല്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്നും ബൈഡന്‍ പറഞ്ഞു.
ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് ഫലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 39 കുട്ടികളടക്കം 140 ഫലസ്തീനികളാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ബങ്കറുകളോ മറ്റ് സംവിധാനങ്ങളോ ഗാസയിലെ വീടുകളിലില്ല. അതുകൊണ്ടു തന്നെ വീടുകള്‍ക്കുള്ളിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
ഇതിനിടയില്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടു. ക്യാമ്പ് മുഴുവനായി തകര്‍ന്നതിനാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലീങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.
പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക